എട്ടു പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു
Thursday, August 25, 2016 12:52 PM IST
പറവൂർ: പുത്തൻവേലിക്കരയിൽ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഇന്നലെ രാവിലെ ആറരയ്ക്കും വൈകുന്നേരം നാലരയ്ക്കും ഇടയിലാണ് പുത്തൻവേലിക്കര ബസാറിലും പരിസരങ്ങളിലുമായി തെരുവുനായ്ക്കളുടെ ആക്രമണം അരങ്ങേറിയത്. പുത്തൻവേലിക്കര കൈതാരൻ ജെഫിന്റെ മകൾ എട്ടാംക്ലാസ് വിദ്യാർഥിനി ഷെറിൻ (13), ലോട്ടറി വില്പനക്കാരനായ പഞ്ഞിപ്പള്ള ജോസഫ് (73), ഒളാട്ടുപുറം ബിജുവിന്റെ ഭാര്യ ഷീബ(40), പാറയ്ക്ക വർഗീസിന്റെ മകൻ റിബിൻ(21), കുന്നത്തൂർ തോമസ്(50), പാലാട്ടി ഡേവിസിന്റെ ഭാര്യ ഷാലി(45), ചാലാമന ലില്ലിതോമസ് (72), ഇതരസംസ്‌ഥാന തൊഴിലാളി ചന്ദൻ (38) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഷെറിനും ജോസഫും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ബാക്കിയുള്ളവർ പുത്തൻവേലിക്ക ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. കരോട്ടുകര – കുടിയിരിക്കൽ പൗലോസിന്റെ ഭാര്യ റോസ്മേരി (43) പള്ളിയിൽനിന്നു മടങ്ങുമ്പോൾ തെരുവുനായ വസ്ത്രങ്ങൾ കടിച്ചുകീറിയെങ്കിലും പരിക്കില്ല. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

ഷെറിൻ ഇന്നലെ രാവിലെ ട്യൂഷന് പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. വലതു കാൽമുട്ടിലാണ് കൂടുതൽ മുറിവ്. ജോസഫ് ലോട്ടറി വില്പനയ്ക്കായി ഇറങ്ങിയതായിരുന്നു. ഇയാൾക്ക് കൈമാതുരുത്തിപ്പടിയിൽ വച്ചാണ് ഇടതുതുടയിൽ കടിയേറ്റത്. തെരുവുനായ ആക്രമണത്തിൽനിന്നു മകളെ രക്ഷിക്കാനെത്തിയപ്പോഴാണ് ഷീബയ്ക്ക് കടിയേറ്റത്. കുട്ടിയുടെ വസ്ത്രങ്ങൾ കടിച്ചു വലിക്കുന്ന സമയത്താണ് ഷീബ ഓടിയെത്തിയത്. ഇതോടെ നായ ഷീബയുടെ കാലിൽ കടിക്കുകയായിരുന്നു.

ഇന്നലെ രാവിലെ കോളജിലേക്ക് പോകുന്നതിന് ബസ്സ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് എൻജിനീയറിംഗ് വിദ്യാർഥിയായ റിബിനെ നായ ആക്രമിച്ചത്.

പുത്തൻവേലിക്കര ബസാറിലൂടെ നടന്നുപോകുമ്പോഴാണ് കുന്നത്തൂർ തോമസിന് കടിയേറ്റത്. കരോട്ടുകര സെന്റ് ആന്റണീസ് സ്കൂൾബസിൽ കുട്ടിയെ കയറ്റിവിടാൻ പോകുമ്പോഴാണു ഷാലിക്ക് നായയുടെ ആക്രമണമേറ്റത്.

കഴിഞ്ഞ വർഷവും തുരുത്തിപ്പുറത്ത് നായ ഏതാനും പേരെ ആക്രമിച്ച സംഭവമുണ്ടായിരുന്നു. നായശല്യം അവസാനിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കുന്നതിന് ഇന്ന് പുത്തൻവേലിക്കര പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുമെന്ന് പ്രസിഡന്റ് പി.വി.ലാജു അറിയിച്ചു.

എബിസി പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും.പരിശീലനം ലഭിച്ചിട്ടുള്ള പട്ടിപിടുത്തക്കാരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

<ആ>തെരുവുനായഏഴു പേരെ ആക്രമിച്ചു

കൊടുങ്ങല്ലൂർ: പൊയ്യ പഞ്ചായത്തിലെ കൃഷ്ണൻകോട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ഏഴു പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകുന്നരം നാലോടെ പുത്തൻവേലിക്കരയിൽ നിന്നെത്തിയ തെരുവുനായയാണു നാലു കുട്ടികളെയും മൂന്നു മധ്യവയസ്കരെയും കടിച്ചു മാരകമായി മുറിവേൽപ്പിച്ചത്. പരിക്കേറ്റവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊയ്യ തീനിത്തറ കുര്യാപ്പിള്ളി ജെഫിൻ (ആറ്), പൊയ്യ കൈതത്തറ സജിമോന്റെ മകൻ അയൂബ് (അഞ്ച്), പൊയ്യ ചക്കാന്തറ ഗോപിയുടെ മകൻ അതുൽ (12), കൃഷ്ണൻകോട്ട ചേരമാൻ തുരുത്തി തോമസ് (57), കൃഷ്ണൻകോട്ട ചേരമാൻ തുരുത്തി ജോസഫിന്റെ മകൾ അന്ന (പത്ത്), മാള പുത്തൻവേലിക്കര കൈതത്തറ വീട്ടിൽ ജോസഫ് (70), മാള പുത്തൻവേലിക്കര ഒറക്കാടത്ത് വേലായുധന്റെ ഭാര്യ തങ്കമണി (54) എന്നിവർക്കാണു നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അതുലിന്റെ മുഖം പട്ടി കടിച്ചെടുത്ത രീതിയിലാണ്. തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു. ഇതേസമയം നായയുടെ കടിയേറ്റ് എത്തുന്നവർക്കു യഥാസമയം അടിയന്തരമായി കൊടുക്കേണ്ട കുത്തിവയ്പ് താലൂക്ക് ആശുപത്രിയിൽ ഇല്ലാത്തതു പ്രതിഷേധം ക്ഷണിച്ചുവരുത്തി.


നിർധനരായ വിദ്യാർഥികൾക്കാണു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇവർക്കു സൗജന്യ ചികിത്സ നൽകാൻ സർക്കാർ തയാറാകണമെന്നു പൊയ്യ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഓഫീസിലേക്കു പ്രതിഷേധസമരവും കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്.

<ആ>നായ്ക്കളുടെ കടിയേറ്റ് പിഞ്ചുകുട്ടി ഉൾപ്പെടെയുള്ളവർക്കു പരിക്ക്

അടിമാലി: തെരുനായ്ക്കളുടെ കടിയേറ്റു പിഞ്ചുകുട്ടിയുൾപ്പടെ നിരവധി പേർക്കു പരിക്കേറ്റു. മൂന്നു പേർ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ നായ്ക്കളുടെ കടിയേറ്റ മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിമാലി തണ്ടിക്കൽ ഷാഫിയുടെ മകൾ ദിയ ഫാത്തിമ (3), മന്നാങ്കാല മണലേൽ അഭിനേഷ്(12), മാങ്കുളം കവരക്കാട്ടിൽ സിജോ, അനന്ദു എന്നിവർക്കാണ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ26റീഴബമേമേരസ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സ്കൂളിൽ പോകാൻ കാത്തു നിൽക്കുമ്പോൾ ദിയ ഫാത്തിമയെ ഒരു കൂട്ടം നായ്ക്കൾ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതോടെ നായ്ക്കൾ ഓടിപ്പോയി. അക്രമണത്തിൽ ദിയയുടെ കാലുകൾക്ക് സാരമായി പരിക്കേറ്റു. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോയി. അടിമാലിയിൽ മാർക്കറ്റ് ജംഗ്ഷനിലും ദേശീയ പാതയോരത്തും സ്വകാര്യ ബസ് സ്റ്റാൻഡിലും തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. പല ഭാഗത്തായി ചിതറി കിടക്കുന്ന മാലിന്യ കൂമ്പാരങ്ങൾ തെരയുന്നതിനായി തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നത് ജനങ്ങൾക്ക് ഏറേ ഭീഷണിയാകുന്നു. വ്യാപാര സ്‌ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുന്ന ആളുകളുടെ പിന്നാലെ നായ്ക്കൾ എത്തുന്നത് പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. നായ്ക്കളെ നിയന്ത്രിക്കുന്നതിനായി അടിമാലി പഞ്ചായത്ത് കഴിഞ്ഞ വർഷം ഒരു ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ, യഥാസമയം ഫണ്ട് വിനിയോഗിക്കാനായില്ല.

<ആ>എട്ടുവയസുകാരിയെ ആക്രമിച്ചു

മാനന്തവാടി: തിരുനെല്ലി അപ്പപ്പാറയിൽ എട്ടുവയസുകാരിക്കുനേരെയും തെരുവ് നായയുടെ ആക്രമണം. അപ്പപ്പാറ ചേകാടി ആദിവാസി കോളനിയിലെ രാജന്റെ മകൾ അഭിരാമി(8) ക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ വൈകുന്നേരം 6.30 ന് വീട്ട് വരാന്തയിൽ ഇരിക്കുമ്പോഴായിരുന്ന നായയുടെ ആക്രമണമുണ്ടായത്. മുഖത്തും കൈകൾക്കും പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

<ആ>ടാക്സി ഡ്രൈവറെ കടിച്ചു

പിറവം: പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം ടാക്സി ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് ഇന്നലെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ടാക്സി ഡ്രൈവറായ ഓണക്കൂർ സ്വദേശി കുരുവിള (കുഞ്ഞ് –50)യെയാണ് നായ ആദ്യം കടിച്ചത്. നായയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനായി ഓടുന്നതിനിടെ വീണ് കുരുവിളയുടെ കൈ ഒടിഞ്ഞു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒൻപതിനായിരുന്നു സംഭവം.

കോളജ് വിദ്യാർഥിനിയെ നായ കടിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിടെ വീണ പെൺകുട്ടിക്കും കൈക്കു പരിക്കേറ്റു. ഇതുവഴി വന്ന നിരവധിപേർക്കു നേരെയും നായ കടിക്കാനായി ഓടിയടുത്തെങ്കിലും എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. നായയെ നാട്ടുകാർ തല്ലിക്കൊന്നു.

അതേസമയം, നായ മറ്റു ചില നായകളെയും കടിച്ചതായും നാട്ടുകാർ പറഞ്ഞു. പേവിഷബാധയുള്ള നായയാണെന്ന് സംശയമുണ്ട്.