കോട്ടയം മെഡിക്കൽ കോളജിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ
Friday, August 26, 2016 12:10 PM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വർഷങ്ങളായി ചികിത്സയിലായിരുന്ന ഗൃഹനാഥനു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. കോട്ടയം കോടിമത സ്വദേശി അനിൽകുമാറിനാണ് (51) ശസ്ത്രക്രിയ നടത്തിയത്. എറണാകുളം സ്വദേശി ബിജുവിന്റെ (47)ബി –പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഒരു വൃക്കയാണ് അനിൽകുമാറിന് ലഭിച്ചത്. അനിൽകുമാർ 2011 മുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്കരോഗ വിഭാഗത്തിൽ ചികിത്സയിലാണ്.

യൂറോളജി മേധാവി ഡോ. സുരേഷ് ഭട്ട്, ഡോ. ഫെഡറിക് പോൾ, നെഫ്രോളജി മേധാവി ഡോ. പി.കെ. ജയകുമാർ, അനസ്തേഷ്യ മേധാവി ഡോ. മുരളികൃഷ്ണൻ എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ബിജുവിന്റെ ഹൃദയവും കരളും അമൃത ആശുപത്രിക്കും കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ളവറിലും ഒരു വൃക്ക ലൂർദ് ആശുപത്രിക്കും നൽകി.


തുടർന്നു സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ 24നാണു പെട്ടെന്നുണ്ടായ മസ്തിഷ്ക ആഘാതത്തെ തുടർന്ന് ബിജുവിനെ എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതു 25നു മസ്തിഷ്ക മരണം സംഭവിച്ചു. ഉടൻ തന്നെ ബിജുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 10.30ന് മെഡിക്കൽ കോളജിൽ എത്തിച്ച വൃക്ക ഉടൻ തന്നെ അനിൽകുമാറിന്റെ ശരീരത്തിൽ തുന്നിച്ചേർക്കുകയായിരുന്നു.