പിഎസ്സിയിൽ ധനവകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്നു ചെയർമാൻ
പിഎസ്സിയിൽ ധനവകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്നു ചെയർമാൻ
Friday, August 26, 2016 12:20 PM IST
കോഴിക്കോട്: പിഎസ്സിയിൽ ധനവകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയിട്ടില്ലെന്നു പിഎസ്സി ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ. പരിശോധനയ്ക്ക് അവർ വന്നിരുന്നെങ്കിലും മടങ്ങിപ്പോവുകയാണുണ്ടായതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിഎസ്സി ഹൈക്കോടതിയെപ്പോലെ ഭരണഘടനാപരമായ ഒരു സ്‌ഥാപനമാണ്. അവിടെ പരിശോധന നടത്തേണ്ടത് എജിയാണ്. ധനവകുപ്പ് ഇടപെടാൻ പാടില്ല. 1982ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഇടപെടാൻ ധനവകുപ്പ് ശ്രമിച്ചിരുന്നു. അന്ന് ഇതു തടഞ്ഞുകൊണ്ട് അദ്ദേഹം ഉത്തരവിറക്കി. ആ ഉത്തരവ് ഇതുവരെ തിരുത്തിയിട്ടില്ല. ഇത്തവണ പരിശോധനയ്ക്ക് ഉദ്യോഗസ്‌ഥർ വന്നെങ്കിലും കാര്യങ്ങൾ മനസിലായതിനെത്തുടർന്നു മടങ്ങിപ്പോയി.

ഒരു രേഖയും അവർ പരിശോധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്തകൾക്കു വസ്തുതകളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.


പിഎസ്സിയുടെ പ്രവർത്തനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സമൂല മാറ്റമാണു വരുത്തിയത്. പതിറ്റാണ്ടുകളായി തുടർന്നുപോന്ന പല പ്രാചീന രീതികളും കാലോചിതമായി പരിഷ്കരിച്ചു. പിഎസ്സി പരീക്ഷകൾക്കും ഫലപ്രഖ്യാപനങ്ങൾക്കും കൂടുതൽ വേഗവും സ്വീകാര്യതയും നൽകാൻ സാധിച്ചു.

സംസ്‌ഥാനത്തു പ്രതിവർഷം 30,000 പേർക്കാണുജോലി ലഭിക്കുന്നത്. ഒരു സർക്കാരിനും റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ ആളുകൾക്കും ജോലി നൽകാനാവില്ല. എസ്ഐ റാങ്ക് ലിസ്റ്റിലെ നിയമനം കോടതിയുടെ തീരുമാനത്തിനു വിധേയമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.