പെൻഷൻ ആനുകൂല്യം വെട്ടിക്കുറച്ചതു പിൻവലിക്കണം: ടീച്ചേഴ്സ് ഗിൽഡ്
Friday, August 26, 2016 12:20 PM IST
കൊച്ചി: എയിഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് എറണാകുളം– അങ്കമാലി അതിരൂപത യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ഹ്രസ്വകാല സേവനങ്ങളും ബ്രോക്കൺ സേവനകാലവും പെൻഷൻ ആനുകൂല്യങ്ങൾക്കു പരിഗണിക്കേണ്ട എന്ന സർക്കാർ ഉത്തരവ് എയ്ഡഡ് മേഖലയ്ക്കു മാത്രം ബാധകമാക്കിയ നടപടി പ്രതിഷേധാർഹമാണ്. എയ്ഡഡ് സ്കൂളുകളിൽ അവധിയൊഴുവിൽ വർഷങ്ങളോളം ജോലിചെയ്ത ശേഷം മാത്രമാണ് അധ്യാപകരിൽ പലർക്കും സ്‌ഥിരനിയമനം ലഭിച്ചിട്ടുള്ളത്. സമ്പൂർണ പെൻഷൻ ആനുകൂല്യത്തിനു നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി പിൻവലിക്കണമെന്നും 2014ൽ പുതിയതായി അനുവദിച്ച ഹയർ സെക്കൻഡറി അധ്യാപകരുടെ നിയമനം അംഗീകരിച്ചു ശമ്പളം ലഭിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഡോ.എബ്രാഹം ഓലിയപ്പുറത്ത് അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ.വർഗീസ് ആലുക്കൽ, പ്രസിഡന്റ് എസ്.ഡി. ജോസ്, സെക്രട്ടറി പോൾ ജെയിംസ്, ഫ്രാൻസിസ് ജോസഫ്, സിസ്റ്റർ ലിസ ജോബ്, സിസ്റ്റർ സിൻസി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.