മെഡിക്കൽ പ്രവേശനം: കോടതിവിധി സർക്കാരിന്റെ എടുത്തുചാട്ടത്തിനുള്ള തിരിച്ചടിയെന്നു ചെന്നിത്തല
Friday, August 26, 2016 12:20 PM IST
തിരുവനന്തപുരം: ശരിയായ ആലോചനയില്ലാതെ സർക്കാർ നട ത്തിയ എടുത്തുചാട്ടത്തിനുള്ള കനത്ത തിരിച്ചടിയാണു സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ ഹൈക്കോടതി വിധിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടുത്ത പ്രഹരമാണു സർക്കാരിനു ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരിനു തുടക്കം മുതലേ ആശയക്കുഴപ്പമായിരുന്നു. ഡെന്റൽ കോളജുകളിലെ ഫീസ് ഏകീകരിക്കുകയും അത് പിൻവലിക്കുകയും ചെയ്ത സർക്കാർ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റും ഏറ്റെടുക്കുന്ന അവധാനതയില്ലാത്ത തിരുമാനവും കൈക്കൊണ്ടു. മാറിമാറിയുള്ള ഈ എടുത്തു ചാട്ടങ്ങൾ വഴി ഇത്തവണത്തെ മെഡിക്കൽ ഡെന്റൽ പ്രവേശനം കുളമാക്കുകയാണു സർക്കാർ ചെയ്തത്.


ഇതിന്റെ പ്രയോജനം സിദ്ധിച്ചത് അന്യ സംസ്‌ഥാന സ്വാശ്രയ കോളജ് ലോബിക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കുമാണ്. ഇനിയെങ്കിലും യാഥാർഥ്യ ബോധത്തോടെ ചർച്ച നടത്തി വിദ്യാർഥികൾക്കു ഗുണം ലഭിക്കുന്ന തരത്തിൽ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.