ഒരു കോടി വില വരുന്ന ഹാഷിഷുമായി മൂന്നുപേർ പിടിയിൽ
ഒരു കോടി വില വരുന്ന ഹാഷിഷുമായി മൂന്നുപേർ പിടിയിൽ
Friday, August 26, 2016 12:25 PM IST
തുറവൂർ/ചേർത്തല: ആലപ്പുഴ തുറവൂരിൽ വൻ മയക്കുമരുന്നു വേട്ട. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വില വരുന്ന ഒരു കിലോ 30 ഗ്രാം ഹാഷിഷുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി.

ഇടുക്കി ഉടുമ്പഞ്ചോല കൊന്നത്തടി പഞ്ചായത്ത് എട്ടാംവാർഡ് കുഴിവേലി മാത്യുവിന്റെ മകൻ പ്രിൻസ് (34), അഞ്ചാംവാർഡ് പള്ളിവാതുക്കൽ ഫിലിപ്പ് ഫ്രാൻസിസിന്റെ മകൻ റോബിൻ (37), കോതമംഗലം കീരംപാറ പഞ്ചായത്ത് രണ്ടാംവാർഡ് മുണ്ടക്കൽ വീട്ടിൽ ജോയിയുടെ മകൻ അനീഷ്(28) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ദേശീയപാതയിൽ തുറവൂർ ജംഗ്ഷനിൽനിന്നാണ് ഇവരെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എ. അക്ബറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. പിടിയിലായവർ അന്തർ സംസ്‌ഥാന മയക്കുമരുന്നു മാഫിയാ സംഘത്തിൽപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രയിൽനിന്നാണ് ഹാഷിഷ് എത്തിച്ചതെന്ന് പ്രതികളിൽ ഒരാൾ പോലീസിനോട് വെളിപ്പെടുത്തി. ഭൂമി പാട്ടത്തിനെടുത്ത് കഞ്ചാവുകൃഷി നടത്തുന്ന മലയാളികളിൽനിന്നാണ് ഹാഷിഷ് തരപ്പെടുത്തി കേരളത്തിൽ എത്തിക്കുന്നത്. ചേർത്തല സ്വദേശികളായ ചിലർക്കു വേണ്ടിയാണ് ഹാഷിഷ് തുറവൂരിൽ കൊണ്ടുവന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും മൊബൈൽഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കുത്തിയതോട് സിഐ കെ. സജീവ് പറഞ്ഞു.


അടുത്തിടെ നാലുകിലോഗ്രാം കഞ്ചാവുമായി അരൂരിൽ പിടിയിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് ജില്ലയിൽ മയക്കുമരുന്നു ലോബിയുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ആലപ്പുഴ സൈബർസെൽ സഹായത്തോടെ പ്രതികളുടെ നീക്കം ആഴ്ചകളോളം നിരീക്ഷിച്ചുള്ള അന്വേഷണമികവാണ് ദൗത്യം വിജയകരമാക്കിയത്.

ഇത്രയും വലിയതോതിൽ ഹാഷിഷ് പിടികൂടുന്നത് ആലപ്പുഴ പോലീസിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. ആലപ്പുഴ നാർകോടിക് സെൽ ഡിവൈഎസ്പി ഡി. മോഹനന്റെയും ചേർത്തല ഡിവൈഎസ്പി എം. രമേഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ കുത്തിയതോട് സിഐ കെ. സജീവ്, കുത്തിയതോട് എസ്ഐ എ.ഐ. അഭിലാഷ്, അരൂർ എസ്ഐ കെ.ജി. പ്രതാപചന്ദ്രൻ, എഎസ്ഐ ഷാജി, സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ, നിസാർ, അരുൺകുമാർ, അനൂപ്, ബൈജു, ടോണി വർഗീസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.