തെരുവുനായശല്യം: സർക്കാർ നടപടി സ്വാഗതാർഹമെന്നു സുധീരൻ
Friday, August 26, 2016 11:04 PM IST
തൃശൂർ: തെരുവുനായ വിഷയത്തിൽ ഇടതു സർക്കാർ ഇതുവരെ സ്വീകരിച്ച നടപടി സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ പൂർണ പിന്തുണ നല്കുമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ തൃശൂരിൽ പറഞ്ഞു. മാള പൊയ്യയിൽ തെരുവുനായയുടെ കടിയേറ്റു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുട്ടികളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായ്ക്കളുടെ കടിയേറ്റു ചികിത്സയിലുള്ളവരുടെ ചെലവും വിദഗ്ധ ചികിത്സയും സർക്കാർ ഏറ്റെടുക്കണം. കേരളത്തിന്റെ പൊതുസ്‌ഥിതി സുപ്രീംകോടതിയെ അറിയിക്കാനും നിയമ തടസം ഒഴിവാക്കാനും സർക്കാർ നടപടിയെടുക്കണം.


സ്വാശ്രയ കോളജ് വിഷയത്തിൽ കുട്ടികളുടെ ഭാവിയെ കരുതിയാകണം പരിഹാരം കാണേണ്ടതെന്നു സുധീരൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളിലേക്കോ പിടിവാശിയിലേക്കോ നീങ്ങി കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.