മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗസ്നേഹികൾ ആകുമെന്നു ജലീൽ
മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗസ്നേഹികൾ ആകുമെന്നു ജലീൽ
Friday, August 26, 2016 12:42 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സംസ്‌ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കും. ആക്രമണകാരികളായ തെരുവുനായ്ക്കൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ ജീവനു ഭീഷണിയാകുമെന്നാ ണു സംസ്‌ഥാനം മറുപടി നൽകുന്നത്.

കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് ഇതറിയിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇത്.

ആക്രമണകാരികളായ നായ്ക്കൾക്കെതിരേ നടപടി സ്വീകരിക്കണമെന്നു തദ്ദേശ സ്‌ഥാപനങ്ങൾക്കും നിർദേശം നൽകും.

മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗസ്നേഹികളാകുമെന്നും ജലീൽ ചോദിച്ചു. അപകടകാരികളായ തെരുവുനായ്ക്കളെ കൈകാര്യം ചെയ്യും. ഈ വിഷയത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല. ആദ്യം മനുഷ്യസ്നേഹമാണു വേണ്ടത്. എന്നാൽ, കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിനു താത്പര്യമില്ലെന്നും ജലീൽ വ്യക്‌തമാക്കി.


തെരുവുനായ്ക്കളുടെ കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കുന്നതിൽ സർക്കാരിനു വീഴ്ച പറ്റിയിട്ടുണ്ട്. ഇതു സ്വയംവിമർശനപരമായി കാണുന്നു. നായ്ക്കളുടെ വന്ധ്യംകരണത്തിനു കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിൽ സർക്കാരിനു വീഴ്ചയുണ്ടായിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

തെരുവുനായ് പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ സർക്കാർ തയാറാകണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. എന്നാൽ, ബിജെപി സംസ്‌ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാടു വ്യക്‌തമാക്കിയിട്ടില്ല. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലരുതെന്നാവശ്യപ്പെട്ടു കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സംസ്‌ഥാനത്തിനു കത്തയച്ചിരുന്നു. ബോർഡിന്റെ ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തള്ളിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.