തോക്കുചൂണ്ടി കവർച്ച: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ
Saturday, August 27, 2016 10:55 AM IST
കാസർഗോഡ്: കാറിൽ സഞ്ചരിക്കുകയായിരുന്നയാളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ. കൂത്തുപറമ്പ് പാലത്തിങ്കര സ്വദേശി എൻ.കെ.മൃദുലി(23)നെയാണ് ആദൂർ സിഐ സിബി തോമസ് അറസ്റ്റ് ചെയ്തത്. തലശേരിയിലെ സ്വർണ വ്യാപാരിയും പൂനെ സ്വദേശിയുമായ കദംവികാസ് ധനുവിന്റെ വിശ്വസ്തനായ ഗണേഷിനെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽനിന്ന് ഒന്നരക്കോടി രൂപ കവർന്ന കേസിലാണ് അറസ്റ്റ്. ഫുട്ബോൾ താരമായ മൃദുൽ എറണാകുളത്തെ ഒരു ക്ലബിനുവേണ്ടി ജഴ്സിയണിയാൻ ഒമ്പതു മാസത്തെ കരാറിലേർപ്പെട്ടിരുന്നു. കവർച്ചയുടെ സൂത്രധാരൻ കൂത്തുപറമ്പ് അഞ്ചാംമൈലിലെ റെനിൽ ആണെന്നു പോലീസ് പറഞ്ഞു. ഇയാൾ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്.

കഴിഞ്ഞ ഏഴിന് രാത്രിയാണു കാസർഗോഡ്–കാഞ്ഞങ്ങാട് ദേശീയപാതയിലെ തെക്കിൽ ഹെയർപിൻ വളവിൽ കദംവികാസിന്റെ കാറിൽ കടത്തുകയായിരുന്ന പണം കൊള്ളയടിച്ചത്. ഗണേഷും ഡ്രൈവർ തലശേരി തിരുവങ്ങാട് സ്വദേശി പ്രജീഷും സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് അപകടം വരുത്തിയ ശേഷം ഡ്രൈവറുടെ ഒത്താശയോടെ സംഘം കാറിൽ കയറി തട്ടിക്കൊണ്ടുപോയി പൊയിനാച്ചി മൈലാട്ടിക്കു സമീപത്തെ വിജനമായ സ്‌ഥലത്തുവച്ചു കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒന്നരകോടി രൂപ തട്ടിയെടുക്കുകയായിരുന്നു. കേസിൽ പത്തുപേരാണുള്ളത്. എന്നാൽ നേരിട്ട് ഇടപെട്ടത് അഞ്ചുപേരാണെന്നും പോലീസ് പറഞ്ഞു.


സംഘത്തിൽപ്പെട്ടവർ ഹൈവേ കേന്ദ്രീകരിച്ച് കുഴൽപ്പണം തട്ടുന്ന സംഘത്തിൽപ്പെട്ടവരാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഹവാല പണമായതിനാൽ മുഴുവൻ പണത്തിന്റെയും രേഖകൾ ജ്വല്ലറി ഉടമയും ഹാജരാക്കിയിട്ടില്ല. കാറിലുണ്ടായിരുന്നത് ഏകദേശം അഞ്ചരക്കോടിയോളം രൂപയാണെന്നാണു പോലീസ് കേന്ദ്രങ്ങൾ നൽകുന്ന വിവരം.

സംഭവത്തിൽ പ്രതികളായ കൂത്തുപറമ്പിലെ സായൂജ്, ഫുട്ബോൾ താരം ടുട്ടു, റെനിൽ, നൗഫൽ, ബിലാൽ തുടങ്ങി 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളെ കണ്ടെത്താൻ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തി.

സിപിഎം അനുഭാവികളും പ്രവർത്തകരുമാണ് പ്രതികളെന്നു പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.