പ്രശാന്ത് ഭൂഷണു മുഖ്യമന്ത്രിയുടെ മറുപടി; തെരുവുനായ്ക്കളെ കൊല്ലാൻ ചർച്ച നടത്തിയിട്ടില്ല
Saturday, August 27, 2016 11:11 AM IST
തിരുവനന്തപുരം: തെരുവുനായശല്യം നേരിടാൻ സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം അനുശാസിക്കുന്ന എല്ലാ കരുതലോടുംകൂടി പരിശീലനം സിദ്ധിച്ച മൃഗഡോക്ടർമാർ വന്ധ്യംകരണം നടത്താനാണു തീരുമാനിച്ചതെന്നു പ്രശാന്ത് ഭൂഷണു നൽകിയ മറുപടിയിൽ മുഖ്യമന്ത്രി അറിയിച്ചു.

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചിരുന്നുവെന്നതു വസ്തുതയാണ്. എന്നാൽ, മുതിർന്ന സ്ത്രീയെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിനു ശേഷം കൂടിയ ഈ യോഗത്തിൽ, അപകടകാരികളായ തെരുവുനായ്ക്കളെ സെപ്റ്റംബർ ഒന്നു മുതൽ വന്ധ്യംകരണം ചെയ്യാൻ തീരുമാനിച്ചിരുന്നു.

തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വാർത്തകൾ പെയ്ഡ് ന്യൂസ് ആണെന്ന പ്രശാന്ത് ഭൂഷന്റെ നിഗമനം നീതിയുക്‌തമല്ല. ജനജീവിതം ദുസഹമാക്കി വർധിച്ചുവരുന്ന തെരുവുനായ ശല്യത്തെ നേരിടാനുള്ള കേരള സർക്കാരിന്റെ ഇടപെടലുകളെപ്പറ്റി നടത്തിയ പരാമർശങ്ങൾ ആശ്ചര്യം ഉളവാക്കുന്നു. കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ കൊന്നൊടുക്കുന്നുവെന്ന തരത്തിൽ തെറ്റിദ്ധാരണാജനക മായി വന്ന വാർത്തകളാൽ താങ്കളെ പോലെയൊരു പ്രമുഖ വ്യക്‌തി സ്വാധീനിക്കപ്പെട്ടതു ദൗർഭാഗ്യകരമാണ്. എന്നാൽ, യഥാർഥ വസ്തുത ഇതല്ല.

1960ലെ മൃഗങ്ങളോടുള്ള ക്രൂരത എന്ന നിയമത്തിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ കളക്ടർമാരുടെ മേേൽനാട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനാവശ്യമായ ഡോക്ടർമാരെ കരാറടിസ്‌ഥാനത്തിൽ നിയമിക്കും. മാലിന്യ നിർമാർജനത്തിനുള്ള ഒരു പദ്ധതിയും തെരുവുനായ ശല്യം കുറയ്ക്കാനായി തയാറാക്കിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ പെരുപ്പിച്ചതോ കൃതൃമമായി നിർമിച്ചതോ അല്ല. കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളിലെ കേരളത്തിലെ പത്രവാർത്തകൾ പരിശോധിച്ചാൽ താങ്കൾക്കിതു ബോധ്യപ്പെടും.


തെരുവു നായ്ക്കൾ കേരളമൊട്ടാകെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു പാവപ്പെട്ട സ്ത്രീ തെരുവുനായ്ക്കളാൽ അതിഭീകരമായി ആക്രമിക്കപ്പെടുകയും ദാരുണമായ മുറിവുകളേറ്റു മരണപ്പെടുകയും ചെയ്തു. തെരുവുനായ്ക്കൾ വളരെ വേഗം പെറ്റു പെരുകുന്നു.

നായ്കൂട്ടങ്ങൾ അക്രമാസക്‌തവും ഉപദ്രവകാരികളും ആയതിനാൽ, രാത്രികാലങ്ങളിൽ പോലും അവയെ പേടിച്ചു ജനങ്ങൾക്കു പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയാണ്.

ഈ പ്രശ്നം പരിഹരിക്കാനുതകുന്ന രീതിയിൽ ഒരു നിയമ നിർമാണത്തിനും പദ്ധതിയുണ്ട്. മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനു വിലകൽപിച്ചും 1960 ലെ നിയമത്തിനും 2015 നവംബറിലെയും 2016 മാർച്ചിലെയും സുപ്രീം കോടതി വിധികൾക്കും അനുസൃതമായും നിയമ നിർമാണം നടത്താനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.