കുറവിലങ്ങാട് അഭിഷേകാഗ്നി കൺവൻഷന് ഇന്നു തുടക്കം
Saturday, August 27, 2016 11:57 AM IST
കുറവിലങ്ങാട്: മാസങ്ങൾ നീണ്ട പ്രാർഥനകൾക്കും തയാറെടുപ്പുകൾക്കുമൊടുവിൽ അനേകായിരങ്ങളിലേക്കു വചനമാരി പൊഴിച്ചു കുറവിലങ്ങാട് അഭിഷേകാഗ്നി കൺവൻഷന് ഇന്നു തുടക്കമാകും. മർത്ത്മറിയം ഫൊറോന പളളി ആതിഥ്യമരുളുന്ന കുറവിലങ്ങാട് അഭിഷേകാഗ്നി കൺവൻഷൻ 31നു സമാപിക്കും.

ദേവമാതാ കോളജ് മൈതാനത്ത് ഒരുക്കിയിരിക്കുന്ന മുത്തിയമ്മ നഗറിലാണു കൺവൻഷന്റെ പ്രധാന വേദി. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലാണ് കൺവൻഷൻ.

നാല്പതിനായിരം ചതുരശ്രഅടി വിസ്തീർണമുള്ള കൂറ്റൻ പന്തലാണു ക്രമീകരിച്ചിരിക്കുന്നത്. വചനശ്രവണത്തിനെത്തുന്നവരുടെ സൗകര്യാർഥം ദോവാലയാങ്കണത്തിന്റെ വിവിധ ഭാഗങ്ങളിലും പാരിഷ്ഹാളിലും എൽഇഡി വാളുകളും ക്ലോസ്ഡ് സർക്യൂട്ട് ടിവിയും ക്രമീകരിച്ചിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും കിടപ്പുരോഗികൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലുമുതൽ ഒമ്പതുവരെയാണ് കൺവൻഷൻ. എല്ലാദിവസവും വിശുദ്ധ കൂർബാനയോടെയാണ് കൺവൻഷൻ ആരംഭിക്കുന്നത്.

ഇന്ന് വൈകുന്നേരം നാലിനു ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 5.45ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, പ്രസ്റ്റൺ രൂപത നിയുക്‌ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തുമെന്നു ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തിൽ അറിയിച്ചു.


പാലാ രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് കുഴിഞ്ഞാലിൽ നാളെയും മോൺ. ജോസഫ് മലേപറമ്പിൽ 30നും മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമല യിൽ 31നും വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.

എല്ലാദിവസവും രാവിലെ ഒമ്പതു മുതൽ 3.30വരെ സ്പിരിച്വൽ ഷെയറിംഗിനും 10 മുതൽ നാലുവരെ കുമ്പസാരത്തിനും അവസരമുണ്ട്. കുമ്പസാരം വലിയപള്ളിയിലും വൈദിക മന്ദിരത്തിലുമായാണ് ഒരുക്കിയിരിക്കുന്നത്. കൺവൻഷനിലെത്തുന്നവർക്കായി 501 വോളന്റിയർമാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. പോലീസിന്റെയും വോളന്റിയർമാരുടെയും നേതൃത്വത്തിൽ ഗതാഗത ക്രമീകരണങ്ങൾക്കായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

കൺവൻഷനിലേക്കെത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിംഗിനു പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ സഹായവും കൺവൻഷൻ വേദിയോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷനുശേഷം വിവിധ സ്‌ഥലങ്ങളിലേക്കായി 18 സ്പെഷൽ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്.

കൺവൻഷന് മുന്നോടിയായി നടന്ന ഒരുക്കധ്യാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്ന് ഫാ. ഷൈജു നടുവത്താനി, ബ്രദർ ജോ പോൾ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.