ആദിവാസി കുടികളിൽ സ്നേഹക്കൂടൊരുക്കി സിസ്റ്റർ ഫെമിലി
ആദിവാസി കുടികളിൽ സ്നേഹക്കൂടൊരുക്കി സിസ്റ്റർ ഫെമിലി
Saturday, August 27, 2016 11:57 AM IST
<ആ>സ്വന്തം ലേഖകൻ

തൊടുപുഴ: മറയൂരിലെ ആദിവാസിക്കുടികൾ ഇപ്പോൾ സ്നേഹക്കുടികളാണ്. സ്നേഹത്തിന്റെ നന്മയുമായി കുടികളിൽ വെളിച്ചം പകർന്ന പ്രിയ സഹോദരി ഇപ്പോൾ അവർക്കു മാലാഖയാണ്... ഭൂമിയിലെ മാലാഖ. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാൻ മടിച്ചുനിൽക്കുന്ന ആദിവാസി സമൂഹത്തിൽ സ്നേഹത്തിന്റെ വിപ്ലവം ഇപ്പോൾ പുതുവെളിച്ചം പകരുന്നു.

ദിവസവും പതിനെട്ടു കിലോമീറ്റർ കാൽനടയായി യാത്ര ചെയ്തു തങ്ങൾക്കു സേവനം ചെയ്യാനെത്തുന്നയാളെ മാലാഖ എന്നല്ലാതെ അവർ എന്തു വിളിക്കും? ഇതാണ് സിസ്റ്റർ ഫെമിലി ജോസ് എസ്ഡി. അഗതികളുടെ സഹോദരിമാർ( എസ്ഡി സിസ്റ്റേഴ്സ്) കോതമംഗലം പ്രൊവിൻസ് അംഗം. മറയൂരിൽ പ്രവർത്തനമേഖല. കോതമംഗലം പ്രൊവിൻസിന്റെ കീഴിലുള്ള സഹായഗിരി ഹെൽത്ത് കെയർ സൊസൈറ്റി എന്ന സന്നദ്ധ സംഘടന വഴിയാണ് സിസ്റ്ററിന്റെ പ്രവർത്തനം. കഴിഞ്ഞ പത്തു വർഷമായി ആദിവാസി മേഖലയിലെ 16 കുടികളിൽ നടന്നു കയറി സ്നേഹം ചൊരിയുന്ന സിസ്റ്റർ ഫെമിലി ജോസ് ഈ മക്കൾക്കു കാണപ്പെട്ട ദൈവമാണ്. ആദ്യം മടിച്ചു മാറി നിന്നു അവർ. ഒരു വർഷം നടന്നു കയറി പാവങ്ങളിലൂടെ കടന്നു പോയിട്ടാണ് അവർ മനസു തുറന്നത്. സിസ്റ്ററിന്റെ പുഞ്ചിരിയിൽ തിളങ്ങുന്ന കാരുണ്യം അവരെ ആകർഷിച്ചു. അവരുടെ കൂടെ വസിച്ചു. അവരിൽ ഒരാളായി ജീവിച്ചു. അവരൊടൊപ്പം ഭക്ഷണം കഴിച്ചു. അതോടെ അടുത്തു വരാനും സംസാരിക്കാനും കുടികളിലെ ആളുകൾ തയാറായി.

മൂപ്പൻമാർ കുടികളിലെ മക്കളെ ഒന്നിച്ചുകൂട്ടും. കുടികളിൽ കുട്ടികൾക്കും സ്്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക ക്യാമ്പുകൾ, സന്നദ്ധ പ്രവർത്തനങ്ങൾ, സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചുള്ള പ്രവർത്തനം. സ്ത്രീകൾക്കു തയ്യൽപരിശീലനം, മെഴുകുതിരി , ആഭരണ നിർമാണം, സോപ്പ് പൊടിനിർമാണം, പലഹാരം ഉണ്ടാക്കൽ തുടങ്ങിയവ ആരംഭിക്കാൻ പരിശീലനവും സാമ്പത്തിക സഹായവും. ഇതിനായി 16 കുടികളിലായി അമ്പതോളം സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചു. ഇവിടെ നിർമിക്കുന്ന സാധനങ്ങൾ കുടികളിൽത്തന്നെ വില്പന നടത്തുന്നു.

മറയൂരിലും തമിഴ്നാട്ടിലും പോയി വൻതുകയ്ക്കു വാങ്ങിയിരുന്ന എല്ലാ സാധനങ്ങളും തുണിത്തരങ്ങളും സമീപത്തുതന്നെ കുറഞ്ഞ വിലയ്ക്ക് ഇവർക്കു ലഭിക്കുന്നു. കുടികളിൽ സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുള്ള ഇവിടെ കുട്ടികൾക്കു ട്യൂഷൻ കൊടുത്തും പഠിപ്പിക്കാനുള്ള സഹായം എത്തിച്ചും കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറമ്മയായി സിസ്റ്റർ മാറുന്നു. ആംഗൻവാടി ടീച്ചർമാരും ഏകാധ്യാപക സ്കൂളുകളിലെ അധ്യാപകരും സിസ്റ്ററിനു സഹായികളായി കൂടെയുണ്ട്. വെള്ളക്കല്ല്, തയനംകുടി, പുതുക്കുടി, നാച്ചിവയൽ, ഇരുട്ടള, ഈച്ചാംപെട്ടി, ചെറുവാട്, ചുരക്കുളം, കുമ്മട്ടാംകുടി, പട്ടിക്കാട്, ദണ്ഡിക്കൊമ്പ്, ആലാംപെട്ടി, ചമ്പക്കാട്, കണക്കായം തുടങ്ങിയ കുടികളിൽ സിസ്റ്ററിന്റെ സേവനം സജീവമായുണ്ട്.


1994 മുതൽ എസ്ഡി സിസ്റ്റേഴ്സിന്റെ പ്രവർത്തനമേഖലയാണ് ആദിവാസി കുടികൾ. സിസ്റ്റർ പെട്രീഷ്യ, സിസ്റ്റർ ലിറ്റിൽ ഫ്ളവർ തുടങ്ങിയവർ ത്യാഗപൂർണമായ പ്രവർത്തനം കാഴ്ച വച്ചു കടന്നു പോയവരാണ്. സിസ്റ്റർ ഫെമിലി എത്തിയ ശേഷമാണ് മുഴുനീള പ്രവർത്തനം തുടങ്ങുന്നത്. സ്കൂൾപഠനം നിർത്തിയവർക്കു തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൽകിവരുന്നു. മുതുവാൻ, ഹിൽപ്പുലയൻ ജാതികളിൽപ്പെട്ടവരാണ് ഇവിടെയുള്ളത്. ഇന്ന് ഓരോ കുടികളിലും സ്വയം സഹായസംഘങ്ങളുണ്ട്. അവർ തന്നെയാണു ഭാരവാഹികളും. സംഘാംഗങ്ങൾക്കു പരിശീലനവും സാമ്പത്തിക സഹായവും നൽകുന്നു. ഇതു കൂടാതെ സ്വയം സഹായ യൂണിറ്റുകളുടെ ഉന്നതാധികാര സമിതിയുമുണ്ട്. ഇവർ ഉല്പാദിപ്പിക്കുന്ന സാധനങ്ങൾ വിറ്റഴിക്കാനും ആവശ്യമുള്ളവ വാങ്ങാനും മൂന്നു ഷോപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മുമ്പു കിലോമീറ്ററുകൾ നടന്നു പോയാണു സാധന സാമഗ്രികൾ വാങ്ങിയിരുന്നത്.

പരിശീലനം ലഭിച്ചതോടെ ഇവർ സ്വന്തം കാലിൽ നിൽക്കാനും ഏറെക്കുറെ ചൂഷണത്തിൽനിന്നു മോചനം നേടാനുമായിട്ടുണ്ട്. സഹായഗിരി ഹെൽത്ത് കെയർ സൊസൈറ്റിയുടെ കേന്ദ്ര ആസ്‌ഥാനം തൊടുപുഴയിലാണ്. സിസ്റ്റർ മെൽവിയാണ് ഡയറക്ടർ. അതേസമയം, വനംവകുപ്പിലെ ചില ഉദ്യോഗസ്‌ഥരുടെ നിസഹകരണവും അവഹേളനവുമാണ് ഇവർക്കു വേദനയാകുന്നത്. തിരുവനന്തപുരത്തുനിന്ന് അനുവാദം വാങ്ങി നൽകിയിട്ടും ചിലർ തടസവാദങ്ങൾ ഉന്നയിച്ചു.

എങ്കിലും ആദിവാസികുടികളിലെ വെളിച്ചം നിറയുന്നത് ഒരിക്കൽ എതിർക്കുന്നവരും അംഗീകരിക്കുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് സിസ്റ്റർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.