ആർഭാട വിവാഹങ്ങൾക്കു നികുതി ഏർപ്പെടുത്തണം: സ്പീക്കർ
ആർഭാട വിവാഹങ്ങൾക്കു നികുതി ഏർപ്പെടുത്തണം: സ്പീക്കർ
Saturday, August 27, 2016 12:13 PM IST
കാഞ്ഞിരപ്പള്ളി: വിവാഹത്തിന്റെ പേരിൽ നടത്തുന്ന അധിക ധൂർത്ത് അവസാനിപ്പിക്കണമെന്നു കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വിവാഹധൂർത്തിനായി അധികം ചെലവഴിക്കുന്ന തുകയ്ക്കു നികുതി ഏർപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെടും. നികുതിയിനത്തിൽ ലഭിക്കുന്ന തുക ഉപയോഗിച്ചു നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് നടപ്പാക്കുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ– കനിവ് 2016ന്റെ– ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. അനാവശ്യമായ ഉപഭോഗം മൂലം കേരളത്തിലെ ജനങ്ങൾ കടക്കെണിയിൽ വീണു കൊണ്ടിരിക്കുകയാണ്. ആഡംബരം ഒഴിവാക്കി ആ തുക കാരുണ്യപ്രവർത്തനങ്ങൾക്കായി വിനയോഗിക്കണം.

ലയൺസ് ക്ലബ് പോലുള്ള സംഘടനകൾ ഇത്തരം കാരുണ്യ പ്രവർത്തങ്ങളുമായി മുന്നിട്ടിറങ്ങുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.


കുന്നുഭാഗം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർധനരായ രോഗികൾക്ക് ലയൺസ് ക്ലബ് ഉച്ചഭക്ഷണം നൽകുന്ന കനിവ് 2016 പദ്ധതി, വൃദ്ധജന ക്ഷേമത്തിന് രൂപീകരിച്ച സ്നേഹസ്പർശം, ലോക ദാരദ്ര്യ നിർമാർജന ദിനത്തിൽ നടത്തുന്ന വിവിധ ക്ഷേമപദ്ധതികൾ, അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും നടത്തുന്ന സാന്ത്വന സഹായ പ്രവർത്തനങ്ങൾ എന്നിവയുടെ ഉദ്ഘാടനമാണ് സ്പീക്കർ നിർവഹിച്ചത്.

ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഷക്കീല നസീർ, അഡ്വ. ജയാ ശ്രീധർ, ഗിരീഷ് എസ്. നായർ, പി.ജി. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.