തെളിവില്ലെന്നു പറഞ്ഞയാൾ ഇപ്പോൾ ഉണ്ടെന്നു പറയുന്നതു വിരോധാഭാസം: കെ.എം. മാണി
തെളിവില്ലെന്നു പറഞ്ഞയാൾ ഇപ്പോൾ ഉണ്ടെന്നു പറയുന്നതു വിരോധാഭാസം: കെ.എം. മാണി
Saturday, August 27, 2016 12:13 PM IST
പാലാ: ബാർ കോഴ പുനരന്വേഷണം കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇതുസംബന്ധിച്ചു കൂടുതൽ പറയാനില്ലെന്നു കേരള കോൺഗ്രസ്–എം ചെയർമാൻ കെ.എം. മാണി. ബാർ കോഴക്കേസിൽ വീണ്ടും അന്വേഷണം ആവശ്യമാണെന്ന് വ്യക്‌തമാക്കി വിജിലൻസ് എസ്പി സുകേശൻ കോടതിയെ സമീപിച്ച സാഹചര്യത്തിൽ പാലായിലെ വസതിയിലെത്തിയ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മാണി. താനൊരു തുറന്ന പുസ്തകമാണെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുനരന്വേഷണം വേണമെന്ന് വിജിലൻസ് ഉദ്യോഗസ്‌ഥരുടെ നിർദേശത്തിനു യാതൊരു നീതീകരണവുമില്ല. ഈ കേസ് അന്വേഷിക്കുന്ന സുകേശൻതന്നെ കെ.എം. മാണി കുറ്റക്കാരനല്ലെന്ന് മുമ്പു പറഞ്ഞതും കോടതിയെ ബോധിപ്പിച്ചതുമാണ്. മൂന്നു കാര്യങ്ങൾകൂടി അന്വേഷിക്കണമെന്നു കോടതി പറഞ്ഞു. മൂന്നു കാര്യങ്ങളും ശാസ്ത്രീയമായി അന്വേഷിച്ച് മാണി കുറ്റക്കാരനല്ല എന്നു വ്യക്‌തമാക്കിയതാണ്. തനിക്കെതിരേ മൊഴി പറഞ്ഞവരുടെ മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയിട്ട് അവർ നടത്തിയ ആരോപണങ്ങൾ കളവാണെന്നു കണ്ടെത്തിയതാണ്. അതിൻമേൽ കോടതി അടുത്തമാസം അഞ്ചിനു വിധി പറയാനിരിക്കെ ഈ ഉദ്യോഗസ്‌ഥൻ തന്നെ ഇപ്പോൾ തുടർ അന്വേഷണം ആവശ്യപ്പെടുന്നതിലെ ന്യായം എന്താണ്? തെളിവില്ല, തെളിവില്ല എന്നു പറഞ്ഞ ഉദ്യോഗസ്‌ഥൻ തന്നെ ഇപ്പോൾ തെളിവുണ്ടെന്നു പറഞ്ഞു കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ താനിപ്പോൾ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാടിൽ അസഹിഷ്ണുതയുള്ളവരായിരിക്കാം. ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് ഉയർത്തിക്കൊണ്ടു വന്നപ്പോൾ തന്നെ ഇതിൽകൂടുതൽ ഉണ്ടാവുമെന്നു പ്രതീക്ഷിച്ചതാണ്. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചേക്കാം.

വിജിലൻസ് ഡയറക്ടർക്ക് തന്നോടു താത്പര്യക്കേടുണ്ടാകാൻ വേറെ ചില കാരണങ്ങളൊക്കെയുണ്ട്. പോർട്ട് ട്രസ്റ്റിന്റെ ചുമതല വഹിച്ച കാലത്ത് ചില ക്രമക്കേടുകൾ ജേക്കബ് തോമസ് നടത്തിയതായി ഫിനാൻഷ്യൽ ഇൻസ്പെക്ഷൻ വിംഗിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ആ റിപ്പോർട്ട് ഫിനാൻസ് വകുപ്പ് മന്ത്രിയെന്ന നിലയിൽ എന്റെ മുൻപിൽ എത്തിച്ചു. അതിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ധനവകുപ്പ് ഉദ്യോഗസ്‌ഥർ താത്പര്യപ്പെട്ടതനുസരിച്ച് ഫയൽ വിജിലൻസിലേക്ക് വിട്ടതിൽ ജേക്കബ് തോമസിനു തന്നോടു നീരസം മുമ്പേയുണ്ട്. അതായിരിക്കാം ഇപ്പോഴത്തെ നീക്കത്തിനു പിന്നിൽ. എന്നാൽ തനിക്കാരോടും വിരോധമില്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. എല്ലാകാര്യങ്ങളും കോടതി തീരുമാനിക്കട്ടെ എന്നും മാണി കൂട്ടിച്ചേർത്തു.

ബിജു രമേശിനു തന്നോടുള്ള വിരോധമാണു ബാർ കോഴക്കേസ് ഉയർത്തിക്കൊണ്ടുവരാനുള്ള കാരണം. എന്തും വരട്ടെ, രാഷ്ട്രീയരംഗത്ത് ഇത്തരം നീക്കങ്ങൾ നേരിടേണ്ടിവരും. കുറ്റം തെളിഞ്ഞു കോടതി ശിക്ഷിക്കുന്നതു വരെയും ഒരാൾ നിരപരാധിയാണ്. ഇത്തരം ചതിയിലൂടെ തന്നെയും കേരള കോൺഗ്രസിനെയും തളർത്താനാകില്ലെന്നും കെ.എം. മാണി വ്യക്‌തമാക്കി.


<ആ>ശങ്കർ റെഡ്ഡിയെ മാറ്റിനിർത്തി അന്വേഷിക്കണം: വി.എസ്


തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ, അന്വേഷണം അട്ടിമറിച്ച മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയെ സർവീസിൽനിന്നു മാറ്റിനിർത്തി ക്രിമിനൽ കേസെടുത്തു സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.

അഴിമതിക്കേസുകളുടെ ചരിത്രത്തിലെ ആദ്യസംഭവമായിരിക്കും ഇത്. വിജിലൻസ് ഡയറക്ടർ തന്നെ വിജിലൻസ് കേസുകൾ അട്ടിമറിക്കുന്ന ഭീകരാവസ്‌ഥ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ, സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡയറക്ടറായി ശങ്കർ റെഡ്ഡി തുടരുന്നത് അപകടമാണ്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്താൽ മാത്രമേ ബാർ കോഴ അട്ടിമറിക്കേസിന്റെ സത്യാവസ്‌ഥകൾ പുറത്തുവരൂ.

കെ.എം. മാണി അഴിമതിക്കാരനാണെന്ന് ആവർത്തിച്ചു തെളിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാണിയും കേരള കോൺഗ്രസ് പാർട്ടിയും കേരള രാഷ്ട്രീയത്തിൽനിന്നു നിഷ്കാസനം ചെയ്യപ്പെടാൻ പോകുകയാണ്. അഴിമതിക്കാരുമായി ഒരു തരത്തിലും സമരസപ്പെട്ടു പോകാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനു കഴിയില്ല.

വിജിലൻസ് ഡയറക്ടർ മാത്രം വിചാരിച്ചാൽ ഈ കേസ് അട്ടിമറിക്കാനാവില്ല. ബാർ കോഴ അന്വേഷണം വഴിതിരിച്ചുവിടാൻ ഭരണതലത്തിൽ ഇടപെടലുകൾ നടന്നിട്ടുണ്ട് എന്നതു വ്യക്‌തമാണ്. രമേശ് ചെന്നിത്തലയുടെ പ്രതികരണം വിരൽ ചൂണ്ടുന്നത് ആ സാധ്യതയിലേക്കാണ്. അതിനാൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പങ്കുകൂടി അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.


<ആ>കേസ് ഡയറി തിരുത്തിയിട്ടില്ലെന്നു ശങ്കർ റെഡ്ഡി


തിരുവനന്തപുരം: ബാർ കോഴ ക്കേസ് അന്വേഷണത്തിന്റെ കേസ് ഡയറി തിരുത്തിയെന്ന അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്പി ആർ. സുകേശന്റെ വാദം ശരിയല്ലെന്നു വിജിലൻസ് മുൻ മേധാവിയായിരുന്ന എൻ. ശങ്കർ റെഡ്ഡി.

സുകേശൻ സമർപ്പിച്ച വസ്തുതാ റിപ്പോർട്ടിൽ പിശകുണ്ടായിരുന്നു. പിശകു പരിഹരിക്കുക മാത്രമാണു ചെയ്തത്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയിൽ തന്നെയാണുള്ളത്.


രേഖകളെല്ലാം കോടതിക്കു പരിശോധിക്കാമെന്നും ഇപ്പോൾ ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗം മേധാവിയായ ശങ്കർ റെഡ്ഡി പറഞ്ഞു.


<ആ>കൂടുതൽ ശാസ്ത്രീയ അന്വേഷണമാകും വരുന്നതെന്നു ജേക്കബ് തോമസ്


തിരുവനന്തപുരം: ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്തുന്നതു ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കുമെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ബാർ കോഴ കേസിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ട ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.

ബാർ കോഴ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ല. കൂടുതൽ ശാസ്ത്രീയ പരിശോധന അടക്കമുള്ളവ അന്വേഷണത്തിന്റെ ഭാഗമായി വേണ്ടിവരും. ഇക്കാര്യത്തിൽ സുതാര്യവും ശാസ്ത്രീയവുമായ അന്വേഷണം നടക്കേണ്ടതുണ്ട്. വിജിലൻസ് കൂട്ടിലടച്ച തത്തയല്ല. കൂട്ടിലടയ്ക്കേണ്ട അവസ്‌ഥ ഇപ്പോഴില്ല. താൻ വിജിലൻസ് തലപ്പത്തുണ്ടായിരുന്ന കാലത്തു കേസിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. 2015 മേയ് 31നു വിജിലൻസിൽനിന്നു പോയശേഷം കഴിഞ്ഞ ജൂൺ ആദ്യമാണു വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിൽ തിരികെയെത്തിയത്.

സാധാരണ വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേടു കണ്ടെത്തിയാൽ ആ വകുപ്പിലെ ഉദ്യോഗസ്‌ഥനെ സസ്പെൻഡ് ചെയ്യണമെന്നോ സർവീസിൽനിന്നു മാറ്റിനിർത്തണമെന്നോ ആവശ്യപ്പെടാറുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ശങ്കർ റെഡ്ഡി അന്വേഷണത്തിൽ ഇടപെട്ടെന്ന ആരോപണം വിശദമായ അന്വേഷണത്തിനു ശേഷം വ്യക്‌തമാകുമെന്നും അദ്ദേഹം പറഞ്ഞു.


<ആ>തുടരന്വേഷണം രാഷ്ട്രീയ താത്പര്യമെന്നു സംശയം: സുധീരൻ


തിരുവനന്തപുരം: ബാർ കോഴക്കേസിലെ തുടരന്വേഷണം രാഷ്ട്രീയ താത്പര്യം മൂലമാണോയെന്നു സംശയിച്ചാൽ തെറ്റില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.

കോടതിവിധിയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നതാണു നിലപാട്. എന്നാൽ, യുഡിഎഫ് വിട്ട കേരള കോൺഗ്രസുമായി പ്രശ്നാധിഷ്ഠിത സഹകരണം എന്ന ആശയം സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുന്നോട്ടു വച്ചിരുന്നു. ആ ആശയം കേരള കോൺഗ്രസ് നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ തുടരന്വേഷണം രാഷ്ട്രീയ താത്പര്യമാണോയെന്നു സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല. രാഷ്ട്രീയ താത്പര്യം നോക്കി ഒരു കാര്യം തന്നെ തിരിച്ചും മറിച്ചും പറയുന്ന സുകേശനെ വീണ്ടും അന്വേഷണ ചുമതലയേൽപ്പിക്കാതിരിക്കുന്നതാണു നല്ലത്.

ജനത്തിനു മുൻപിൽ വിശ്വാസ്യത നഷ്‌ടമായ ആളാണു സുകേശൻ. അതിനാൽ ഇയാളെ മാറ്റിനിർത്തി മറ്റൊരാൾ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും സുധീരൻ പറഞ്ഞു.


<ആ>മുൻകൂട്ടി തയാറാക്കിയ തിരക്കഥയെന്ന് കേരള കോൺഗ്രസ് –എം


കോട്ടയം: ബാർ കോഴകേസിൽ നീതിപൂർവമായ ഏതൊരന്വേഷണത്തെയും കേരള കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശേരി. അതു നിയമപരവും നിഷ്പക്ഷവും ആകണണെന്നു മാത്രമേയുള്ളൂ. 101 തവണ അന്വേഷണം അവർത്തിക്കട്ടെയെന്നാണു പാർട്ടി ചെയർമാൻ നേരത്തെതന്നെ വ്യക്‌തമാക്കിയിട്ടുള്ളത്. ഇതു മൂന്നാമത്തേതാണ്. എത്ര തവണ അന്വേഷിച്ചാലും ഇതിൽക്കൂടുതലൊന്നും ഉണ്ടാകില്ലായെന്ന് കേരള കോൺഗ്രസിന് ഉറപ്പുണ്ട്. കേരള കോൺഗ്രസിന് ആശങ്കയോ ഭയമോ ഇല്ല.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ പുനരന്വേഷണത്തിനു സുകേശനെ ഉപയോഗിക്കുകയായിരുന്നു. അല്ലെങ്കിൽ ഗവൺമെന്റ് മാറി മൂന്നുമാസത്തിനിടയിൽ എന്തുകൊണ്ടാണ് ഈ ചിന്ത ഉണ്ടാവാതിരുന്നത്? ഇതിനിടയിൽ രണ്ടു തവണ വിജിലൻസ് കോടതിയിൽ ഈ കേസു പരിഗണനയ്ക്കു വന്നിരുന്നു. അന്നൊന്നും ഉണ്ടാവാത്ത വെളിപാട് ഇപ്പോഴുണ്ടായതിന്റെ പിന്നിൽ ഗൂഢലക്ഷ്യമാണുള്ളത്.

സാധാരണനിലയിൽ ഒരു അന്വേഷണ ഉദ്യോഗസ്‌ഥൻ അന്വേഷിച്ചിട്ട് തൃപ്തിയില്ല എങ്കിൽ അതിനെക്കാൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്‌ഥനെക്കൊണ്ട് അന്വേഷിക്കുന്നതാണ് പതിവ്.

ഇവിടെ 10മണിക്ക് കോടതിയിൽ വന്ന കേസിൽ 11 മണിക്ക് ഉത്തരവുണ്ടായയുടൻ 11.10ന് തന്നെ അന്വേഷണ ഉദ്യോഗസ്‌ഥനായി ഒരു ഡിവൈഎസ്പിയെ വിജിലൻസ് ഡയറക്ടർ നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. അപ്പോൾ ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നു വ്യക്‌തം. ഒക്ടോബർ 31ലെ പോലെ തന്നെ മുൻകൂട്ടി തയാറാക്കിയ മറ്റൊരു തിരക്കഥയുടെ അരങ്ങേറ്റമാണ്് ഇവിടെ നടന്നിരിക്കുന്നത്.

പോർട്ട് ഡയറക്ടറായിരിക്കെ ഫിനാൻസിന്റെ ഇൻസ്പെഷൻ വിംഗ് കണ്ടെത്തിയ ക്രമക്കേടുകൾ ധനമന്ത്രി എന്ന നിലയിൽ കെ.എം.മാണി അംഗീകരിച്ച് തുടർനടപടികൾക്ക് അയച്ചതിൽ ജേക്കബ് തോമസിന് നീരസമുണ്ടാവാം. അതിന്റെ പേരിൽ വൈര്യനിര്യാതന ബുദ്ധിയോടെ കേസന്വേഷണത്തെ സമീപിക്കുന്നതു ഭൂഷണമല്ല. ഇപ്പോൾ ഇത് പുതിയ രൂപത്തിൽ സജീവമാകുന്നതിന്റെ പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കാൻ എല്ലാവർക്കും കഴിയുമെന്നും പുതുശേരി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.