ജൈവ പാൽ ഉത്പാദനവുമായി മിൽമ മുന്നോട്ട്
Sunday, August 28, 2016 12:39 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: നാടൻ പശുക്കളുടെ ഔഷധമൂല്യമുള്ള ‘ജൈവ പാൽ’ മലയാളിക്കു ലഭ്യമാക്കുന്നതിനായി ഹൈടെക് ഡയറി ഫാം നിർമിക്കാനുള്ള പദ്ധതി സർക്കാരിനു സമർപ്പിച്ച മിൽമ, ഒരു ചുവടു കൂടി മുന്നോട്ട്.

പദ്ധതിക്കു അംഗീകാരം ലഭിക്കുന്നതിനു മുന്നോടിയായി തന്നെ ഗുജറാത്തിൽ നിന്നുള്ള ഗീർ പശുക്കൾ, പഞ്ചാബ് ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സഹിവാൾ പശുക്കൾ എന്നിങ്ങനെ തനതു നാടൻ ഇനങ്ങളെ കണ്ടെത്തി ഈ വർഷം തന്നെ വാങ്ങാൻ മിൽമ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഈ വർഷം തന്നെ ഇത്തരത്തിലുള്ള 250 നാടൻ പശുക്കുട്ടികളെ വാങ്ങാനും ഇവയെ സംരക്ഷിക്കാനുമുള്ള ആലോചനകളാണ് നടക്കുന്നത്. നിലവിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചിരിക്കുന്ന ജൈവ പാൽ ഉൽപാദനത്തിനായുള്ള ഹൈ ടെക് ഡയറി ഫാം

പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ അധികം വൈകാതെ ജൈവ പാൽ മാർക്കറ്റിലെത്തിക്കാനാണ് ഇതിലൂടെ മിൽമയുടെ ശ്രമം.

നാടൻ പശുക്കുട്ടികളെ വാങ്ങി മിൽമയുടെ സ്‌ഥലത്തു തന്നെ താൽക്കാലിക വാസസ്‌ഥാനമുണ്ടാക്കി അവയെ സംരക്ഷിക്കാനും പദ്ധതിക്ക് അംഗീകാരം കിട്ടിയാൽ ഹൈ ടെക് ഡയറി ഫാം ആരംഭിച്ച് ഇവയെ അവിടേക്കു മാറ്റാനുമാണ് ആലോചിക്കുന്നത്. നാടൻ ഇനങ്ങളെ കിട്ടാൻ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായതു കൊണ്ടാണ് പദ്ധതി ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇവയെ വാങ്ങുന്നത്. ഇതിനു പുറമെ ഡയറി ഫാം ആരംഭിച്ച ശേഷം പശുക്കുട്ടികളെ വാങ്ങി വളർത്തിയെടുക്കുന്നതു ഉൽപാദനം വൈകാനിടയാക്കുമെന്നതും പരിഗണിക്കുന്നു.


അതിനാലാണ് പശുക്കുട്ടികളെ നേരത്തെ വാങ്ങുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച നടക്കുന്ന ബോർഡ് യോഗത്തിലുണ്ടാകും.

100 ഏക്കർ സ്‌ഥലത്ത് പത്തു കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് മിൽമ വിഭാവനം ചെയ്യുന്നത്. രാസവളം ഉപയോഗിച്ചു കൃഷി ചെയ്ത പുല്ലോ, ഇത്തരത്തിൽ ഉൽപാദിപ്പിച്ച പിണ്ണാക്ക് ഉൾപ്പെടെയുള്ള മറ്റു ഭക്ഷണ പദാർഥങ്ങളോ ആന്റിബയോട്ടിക്കുകളോ, മരുന്നുകളോ നൽകാതെ, പ്രകൃതിയോട് പൂർണമായും ഇഴുകിച്ചേർന്നു വളരുന്ന പശുക്കളെയാകും ഇവിടെ പരിപാലിക്കുക. പത്തേക്കറിലായിരിക്കും ഫാം നിർമിക്കുക. ബാക്കിയുള്ള 90 ഏക്കറിൽ പുല്ലും പശുക്കൾക്കുള്ള മറ്റ് ജൈവ ഭക്ഷണത്തിനാവശ്യമായ കൃഷിയും ആയിരിക്കും.

തിരുവനന്തപുരം മേഖല യൂണിയനാണ് ജൈവ പാൽ ഉൽപാദനത്തിനായി ഹൈടെക് ഡയറി ഫാം എന്ന പദ്ധതി മുന്നോട്ടു വച്ചിരിക്കുന്നത്. ‘ഹൈടെക് ഡയറി ഫാം ഫോർ ഓർഗാനിക് മിൽക് പ്രൊഡക്ഷൻ’ സംബന്ധിച്ച മിൽമയുടെ വിശദമായ പദ്ധതിരേഖ സംസ്‌ഥാന സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ്.

സംസ്‌ഥാന സർക്കാർ വഴി കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാവുകയും സബ്സിഡി ലഭിക്കുകയും ചെയ്താൽ അധികം വൈകാതെ തന്നെ ജൈവ പാൽ മാർക്കറ്റിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് മിൽമ ഇപ്പോൾ നടത്തിക്കൊണ്ടിരി ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.