ആറു മാസത്തിനകം കേരളത്തിൽ സിഎൻജി ഔട്ട്ലറ്റ് ഒരുക്കും: മന്ത്രി
ആറു മാസത്തിനകം കേരളത്തിൽ സിഎൻജി ഔട്ട്ലറ്റ് ഒരുക്കും: മന്ത്രി
Sunday, August 28, 2016 12:39 PM IST
കണ്ണൂർ: ദേശീയ ഹരിതട്രൈബ്യൂണൽ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിൽ അടുത്ത ആറു മാസത്തിനകം സംസ്‌ഥാനത്തെ പ്രധാന നഗരങ്ങളിലെങ്കിലും സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ഔട്ട്ലറ്റുകൾ സ്‌ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കും.

കേരളത്തിലെ പ്രധാന നഗരങ്ങളിലെ കെഎസ്ആർടിസി ബസുകൾ ഘട്ടംഘട്ടമായി പ്രകൃതിവാതകം ഉപയോഗിച്ചു സർവീസ് നടത്താനുള്ള ശ്രമം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷനും കുടുംബ സംഗമവും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പത്തു വർഷത്തിലേറെ പഴക്കമുള്ള 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾ സംസ്‌ഥാനത്തെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിരോധിക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിൽ താത്കാലിക സ്റ്റേ മാത്രമാണ് ഹൈക്കോടതിയിൽനിന്നു ലഭിച്ചിട്ടുള്ളത്. പ്രകൃതിയുമായ ബന്ധപ്പെട്ട കാര്യമായതിനാൽ ഈ വിധിയിൽ ഭാവിയിൽ മാറ്റമുണ്ടായേക്കാം. അതിനാൽ പത്തു വർഷത്തിലധികമായ ഡീസൽ എൻജിനുകൾ മാറ്റാനുള്ള ശ്രമം ഇപ്പോൾത്തന്നെ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു.

പരിസ്‌ഥിതി മലിനീകരണം കുറയ്ക്കുന്നതിന് ഇന്ധനമാറ്റം മാത്രമാണ് ഏക പോംവഴി. ഇതിനായി നിലവിലെ ഡീസലിനു പകരം സിഎൻജി ഉപയോഗിക്കണം. അതിനാണു സർക്കാരിന്റെ ശ്രമം. പ്രധാന നഗരങ്ങളിലെ സിറ്റി സർവീസ് നടത്തുന്ന ബസുകളെങ്കിലും പ്രകൃതിവാതകത്തിലേക്കു മാറണം. കെഎസ്ആർടിസിയിൽ സിഎൻജി ഉപയോഗിക്കാനുള്ള സാധ്യത പഠിച്ചുവരികയാണ്. പ്രധാന നഗരങ്ങളിലെങ്കിലും സ്വകാര്യ ബസുകളും സിഎൻജി സംവിധാനത്തിലേക്കു മാറണമെന്നും അദ്ദേഹം പറഞ്ഞു.


ബസുകളിൽ ഡീസൽ എൻജിൻ മാറ്റി സിഎൻജി ഉപയോഗിക്കാനുള്ള സാങ്കേതിക സംവിധാനം ഒരുക്കാൻ വൻ സാമ്പത്തിക ബാധ്യതയുണ്ടാകും. പത്തു വർഷത്തിലധികമായുള്ള ഡീസൽ ബസുകൾ 4,000ത്തോളമാണു നിലവിൽ കേരളത്തിലുള്ളത്. അതിനാൽ ഡീസലിൽനിന്നു സിഎൻജിയിലേക്കു മാറുന്നതിനു വലിയ ബുദ്ധിമുണ്ടാകില്ല. സിഎൻജി ഉപയോഗിക്കുമ്പോൾ ബസുകൾക്ക് ഇന്ധനച്ചെലവിൽ 60 ശതമാനം ലാഭമുണ്ടാക്കാനാകും. ഇതുവഴി സ്വകാര്യ ബസുകളുടെ ചെലവിലും മാറ്റം വരുത്താനാകും.

സിഎൻജി സംവിധാനം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി മാർച്ച് 31നകം സിഎൻജി ഉപയോഗിച്ചു കൊച്ചിയിൽനിന്നു കെഎസ്ആർടിസി ബസും ആലപ്പുഴയിൽ സോളാർ സംവിധാനം ഉപയോഗിച്ചു ബോട്ട് സർവീസും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കും. അതേസമയം, കെഎസ്ആർടിസിക്കു ദോഷകരമായ ഒരു കാര്യവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എം. ശിവരാജൻ, സംസ്‌ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ജില്ലാ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.