സഭ കെട്ടിലും മട്ടിലും ലളിതമാവണം: ജസ്റ്റീസ് കുര്യൻ ജോസഫ്
സഭ കെട്ടിലും മട്ടിലും ലളിതമാവണം: ജസ്റ്റീസ് കുര്യൻ ജോസഫ്
Sunday, August 28, 2016 12:45 PM IST
കൊടകര: കെട്ടിലും മട്ടിലും സഭ കൂടുതൽ ലളിതമാവണമെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നട ത്തുകയായിരുന്നു അദ്ദേഹം.

വാക്കിലും പ്രവൃത്തിയിലും ഒരുപോലെ ലാളിത്യം പുലർത്തേണ്ടതിന്റെ ആവശ്യം സഭ മുഴുവൻ ഉൾക്കൊള്ളണം. ലളിതജീവിതത്തിന്റെ നിരവധിയായ മാതൃകകൾ ഇന്നും സഭയിലുണ്ട്. എന്നാൽ, പ്രവൃത്തിപഥത്തിലെത്തിക്കാൻ ചിലയിടങ്ങളിലെങ്കിലും സാധിക്കാതെ വന്നാൽ എതിർസാക്ഷ്യമാകും.

പാവങ്ങളോടു വലിയ ബന്ധം പുലർത്തിവന്ന പാരമ്പര്യമാണു സഭയ്ക്കുള്ളത്. പൊതുസമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ അവഗണിക്കപ്പെടുന്നവരോടാപ്പം ചേർന്നു സഭ ഇന്നും അതിന്റെ ശുശ്രൂഷ ശക്‌തമാക്കേണ്ടതുണ്ട്. ക്രിസ്തു പ്രവർത്തിച്ച ലോകത്തിലേക്കാണു സഭയും ഇന്നു വിളിക്കപ്പെട്ടിരിക്കുന്നത്. ഒന്നുമില്ലാത്തവരുടെയും ഒന്നുമല്ലാത്തവരുടെയും ലോകത്തു സഭയ്ക്കു ചെയ്യാൻ ദൗത്യങ്ങൾ ഏറെയാണ്. ഇടയനില്ലാത്ത ആട്ടിൻപറ്റത്തോടും കരുണാർദ്ര സമീപനം വേണം.


ക്രിസ്തുവിനെ പറഞ്ഞുകൊടുക്കുന്നതിനേക്കാൾ പകർന്നുകൊടുക്കുന്നതാണു കൂടുതൽ ഫലപ്രദം. പ്രവാസികളെ അവരുടെ സ്‌ഥലങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് അനുധാവനം ചെയ്യാൻ സഭയ്ക്കു കഴിയണമെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് നിർദേശിച്ചു.

മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ എന്ന നിലയിൽ 25 വർഷങ്ങൾ പിന്നിടുന്ന സീറോ മലബാർ സഭയ്ക്ക് ഇന്നു സഭായോഗങ്ങളും സഭയുടെ അസംബ്ലിയും മെത്രാൻ സിനഡും ഉള്ളതുപോലെ, പൗരസ്ത്യസഭകളുടെ പാരമ്പര്യത്തിലുള്ള സഭാ സിനഡും ഉണ്ടാകുന്നത് ഉചിതമാണ്. ധന്യവും പാവനവും വിശുദ്ധവും സംഘടിതവുമായ സീറോ മലബാർ സഭയുടെ മകനാകാൻ സാധിച്ചതു വലിയ അഭിമാനമാണെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.