മോദിസർക്കാർ രാജ്യത്തെ നയിക്കുന്നത് മനുസ്മൃതി യുഗത്തിലേക്ക്: ദീപക് ബാബ്റിയ
Sunday, August 28, 2016 1:03 PM IST
തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാർ രാജ്യത്തെ മനുസ്മൃതി യുഗത്തിലേക്കു മടക്കിക്കൊണ്ടുപോകുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് എഐസിസി സെക്രട്ടറി ദീപക് ബാബ്റിയ. കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യൻകാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തിൽ രാജ്യത്തെ ദളിത് വിഭാഗങ്ങൾ കൊടിയ പീഡനങ്ങൾക്ക്് വിധേയരാകുന്നു. ഇവർക്കു സംരക്ഷണം നൽകുന്നതിൽ കേന്ദ്രഭരണം പരാജയമാണ്. ദളിത് പീഡനങ്ങളുടെ ദേശീയ നിരക്കിനേക്കാൾ രണ്ടു മടങ്ങിലധികമാണ് ഗുജറാത്തിലെ ദളിത് പീഡനങ്ങളുടെ നിരക്ക്.

ദളിതർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. അതെല്ലാം സമൂഹത്തിലെ ഒരുവിഭാഗം തട്ടിയെടുക്കുകയാണെന്നും ദീപക് ബാബ്റിയ പറഞ്ഞു.

കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലില്ലാത്തതിന്റെ തിക്‌താനുഭവങ്ങളാണ് രാജ്യത്തു ദളിത് വിഭാഗം നേരിടുന്ന പീഡനങ്ങളെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു.


ദളിത് സമൂഹത്തെ കൂട്ടത്തോടെ വേട്ടയാടുന്ന അവസ്‌ഥയാണ് രാജ്യത്ത് ഇന്നുള്ളത്. വേണ്ടസമയത്തു പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നതിനാലാണ് രാജ്യത്തു ദളിതർക്കെതിരായ പീഡനങ്ങൾ വ്യാപകമായി വർധിച്ചത്. കേരളം ഉൾപ്പടെ മറ്റു സംസ്‌ഥാനങ്ങളിലെ എല്ലാ കോളനിയിലും ഇതേ അവസ്‌ഥയാണു നിലനിൽക്കുന്നതെന്നും സുധീരൻ പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ വി.എസ്. ശിവകുമാർ, ഐ.സി. ബാലകൃഷ്ണൻ, മുൻ സ്പീക്കർ എൻ. ശക്‌തൻ, മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറിമാരായ മൺവിള രാധകൃഷ്ണൻ, ശരത്ചന്ദ്ര പ്രസാദ്, ദളിത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് കെ. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.