ജൈവകൃഷിയിൽ ദേശീയ അംഗീകാരവുമായി കണ്ണന്റെ പ്രയാണം
ജൈവകൃഷിയിൽ ദേശീയ അംഗീകാരവുമായി കണ്ണന്റെ പ്രയാണം
Sunday, August 28, 2016 1:03 PM IST
<ആ>പീറ്റർ ഏഴിമല

പയ്യന്നൂർ: അടുക്കളയാണ് ആശുപത്രി, വീട്ടമ്മയാണ് ഡോക്ടർ, ആഹാരമാണ് മരുന്ന്... പറയുന്നത് പയ്യന്നൂർ കണ്ടോത്ത് പയ്യൻചാല സ്നേഹാലയത്തിലെ കെബിആർ കണ്ണൻ. മികച്ച ജൈവകർഷകനുള്ള കേന്ദ്രസർക്കാരിന്റെ അവാർഡ് നേടിയ കണ്ണൻ തന്റെ അനുഭവത്തിലൂടെ പറയുന്നതും പഠിപ്പിക്കുന്നതുമാണ് ഈ വാക്കുകൾ.

ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന ജിനോം സേവിയർ ഫാർമർ അവാർഡിനർഹനായ കണ്ണൻ 35 വർഷമായി ജൈവകൃഷി ചെയ്തുവരുകയാണ്. കേന്ദ്രകൃഷി വകുപ്പിന്റെ അവാർഡ് കമ്മിറ്റി നേരിട്ടു കണ്ണന്റെ കൃഷിയിടത്തിലെത്തി പരിശോധന നടത്തിയതിനു ശേഷമാണ് ഈ അറുപത്തൊന്നുകാരനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

പയ്യന്നൂർ പെരുമ്പയിൽ കെബിയാർ ട്രേഡേഴ്സ് എന്ന മൊത്തവിതരണ സ്‌ഥാപനം നടത്തിവന്ന ഇദ്ദേഹം തിരക്കുള്ള ബിസിനസിനിടയിലും കൃഷിക്കായി സമയം കണ്ടെത്തിയിരുന്നു. എട്ടു വർഷം മുമ്പാണ് ബിസിനസ് രംഗത്തുനിന്നു പിന്മാറി കാർഷികരംഗത്തു മാത്രമായി നിലയുറപ്പിച്ചത്. സ്വന്തമായുള്ള രണ്ടേക്കർ സ്‌ഥലത്തും പാട്ടത്തിനെടുത്ത രണ്ടേക്കർ സ്‌ഥലത്തുമാണു രാസവളമോ കീടനാശിനിപ്രയോഗമോ നടത്താതെ കണ്ണൻ വിവിധതരം കൃഷികൾ നടത്തുന്നത്.

60 തരം മാവുകൾ, തെങ്ങ്, പ്ലാവ്, റംബുട്ടാൻ, ആപ്പിൾ, പേര, മാങ്കോസ്റ്റിൻ എന്നിവയടക്കം 37 ഇനം പഴവർഗങ്ങളും വിവിധതരം പയർ വർഗങ്ങൾ, നാടൻ നെല്ലിനങ്ങൾ, വെള്ളരി, കുമ്പളം, കക്കിരി, പടവലം, പാവൽ തുടങ്ങിയവയുമാണ് ഇദ്ദേഹം നട്ടുവളർത്തുന്നത്.

അപൂർവ ഔഷധസസ്യങ്ങളു ടെ കലവറ കൂടിയാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം. ആയിരത്തിലധി കം സസ്യജാലങ്ങളെ ഇദ്ദേഹം പരിപാലിച്ചു വളർത്തുന്നതിനു പുറമെ പയ്യന്നൂർ കൃഷിഭവന്റെ അംഗീകാരത്തോടെ ഇതിന്റെയെല്ലാം വിത്തുകളുണ്ടാക്കി വിതരണം ചെയ്യുന്നുമുണ്ട്. കൃഷി രീതികളിലെ വൈവിധ്യവും ജൈവകൃഷിക്കായി നൽകുന്ന പ്രചാരണ പ്രവർത്തനങ്ങളുമാണ് കണ്ണനെ മികച്ച ജൈവകർഷകനുള്ള അവാർഡിനർഹനാക്കിയത്.

ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ(ഒഎഫ്എഐ) എന്ന സംഘടനയുടെ കേന്ദ്രസമിതി അംഗം കൂടിയാണ് കണ്ണൻ. സംഘടനയുമായി ബന്ധപ്പെട്ട് ഗുജറാത്ത്, രാജസ്‌ഥാൻ, ഒഡിഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജൈവകൃഷി രീതികൾ കണ്ടുമനസിലാക്കാനും പഠിക്കാനും സാധിച്ചിരുന്നു. ജീവാമൃതം, കമ്പോസ്റ്റ്, ബയോഗ്യാസ് സ്ലറി, ഡെയറി ഫാമിലെ ചാണകം, മൂത്രം എന്നിവയാണ് കൃഷിക്കുപയോഗിക്കുന്ന വളങ്ങൾ.


കൃഷിരീതികൾ മനസിലാക്കാൻ 64 രാജ്യങ്ങളിലെ ജൈവകർഷകരുടെ സംഘടനയായ മിജാർക്കിന്റെ പ്രതിനിധികളായ പതിനഞ്ചംഗ കൊറിയൻ സംഘം ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെത്തിയിരുന്നു.

യുപി സ്കൂൾ, ഹൈസ്കൂൾ, കോളജ്, കാർഷിക കോളജ് ക്ലബ്ബുകൾ എന്നിവ സംഘടിപ്പിച്ച ക്യാമ്പുകളിലായി കഴിഞ്ഞ വർഷം മാത്രം 70,000ത്തോളം പേർക്കു ക്ലാസെടുത്തു.

എല്ലാ രോഗങ്ങൾക്കും പ്രകൃതിയിൽത്തന്നെ മരുന്നുണ്ടെന്നു തന്റെ അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ പ്രകൃതി ചികിത്സയിലൂടെ കണ്ണൻ തെളിയിക്കുന്നു. അന്നൂർ ആരോഗ്യ നികേതൻ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ സ്‌ഥാപകാംഗമായ ഇദ്ദേഹത്തിന് ഓരോ ഇലകളിലും പച്ചക്കറികളിലും എന്തെല്ലാമടങ്ങിയിരിക്കുന്നുവെന്നത് മനഃപാഠമാണ്. ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ പൊന്നാങ്കണ്ണി, കൊടിതൂവ, തഴുതാമ, ശുക്രുപാണി, സാമ്പാർചീര, അഗത്തിച്ചീര, സൗഹൃദചീര, ആരോഗ്യചീര എന്നിങ്ങനെ ഇരുപത്തഞ്ചോളം ചീരകളുണ്ട്. ഇതിൽ പൊന്നാൻകണ്ണി ചീര വിറ്റാമിൻ എയുടെ കലവറയാണ്.

മുളക് പരമാവധി ഒഴിവാക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. ദഹനപ്രക്രിയയ്ക്ക് തടസം നിൽക്കുന്ന മുളക് കാൻസർ വരുത്തുന്നതിലെ പ്രധാന ഘടകമാണെന്നും മുളകിലെ കുരുവാണ് കൂടുതൽ പ്രശ്നക്കാരനെന്നുമാണ് കണ്ണൻ പറയുന്നത്. സസ്യ എണ്ണകൾ 30 മിനിറ്റ് ചൂടാക്കുമ്പോൾ കൊളസ്ട്രോളിന് കാരണക്കാരനായ അക്രോലിൻ ഉത്പാദിപ്പിക്കപ്പെടും. എന്നാൽ, വെളിച്ചെണ്ണ 45 മിനിറ്റ് ചൂടാക്കിയാലേ അക്രോലിൻ ഉത്പാദിപ്പിക്കപ്പെടുന്നുള്ളു.

ഒട്ടേറെ അവാർഡുകളും അംഗീകാരവും നേടിയിട്ടുള്ള കണ്ണൻ കൃഷിഭവന്റെ അംഗീകാരത്തോടെ പയ്യന്നൂർ പെരുമ്പ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ജൈവോത്പന്നങ്ങൾ മാത്രം വിപണനം ചെയ്യുന്ന ‘ഇക്കോഷോപ്പും’ നടത്തുന്നുണ്ട്. സുജിതയാണ് ഭാര്യ. ഷിംന, റിംന, ഷിരിൻ എന്നിവർ മക്കളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.