തെരുവുനായ്ക്കൾക്കു പോറ്റമ്മയായി അമ്മിണിയമ്മ; വീട്ടിൽ ശ്വാനപ്പട
തെരുവുനായ്ക്കൾക്കു പോറ്റമ്മയായി അമ്മിണിയമ്മ; വീട്ടിൽ ശ്വാനപ്പട
Sunday, August 28, 2016 1:03 PM IST
<ആ>ജിബിൻ കുര്യൻ

കോട്ടയം: നാടു നീളെ നായകൾ നാട്ടുകാർക്കുനേരേ തിരിയുമ്പോൾ കോടിമതയിൽ അമ്മിണിയമ്മ തെരുവുനായകളെ വീട്ടിൽ പോറ്റിവളർത്തുകയാണ്. ഒന്നും രണ്ടുമല്ല 14 കുഞ്ഞുങ്ങൾ ഉൾപ്പെടെ 45 നായ്ക്കളെ തീറ്റ കൊടുത്തു സംരക്ഷിക്കുകയാണ് അമ്മിണിയമ്മ. എംസി റോഡിൽ കോടിമത പാലത്തിനുസമീപം പുതുവൽ ചക്കാലച്ചിറ വീട്ടിൽ അമ്മിണിയമ്മയുടെ ചെറിയ വീടിനുള്ളിലും മുറ്റത്തുമാണ് നായ്ക്കളെ പൂട്ടിയിട്ടുവളർത്തുന്നത്.

18 വർഷം മുമ്പാണു തെരുവു നായ സംരക്ഷണം അമ്മിണിയമ്മ തുടങ്ങിയത്. റോഡിനോടു ചേർന്നും വീടിനു മുമ്പിലും വാഹനമിടിച്ചും മറ്റും അവശരായി കിടക്കുന്ന നായ്ക്കളെ അമ്മിണിയമ്മ എല്ലാ ദിവസവും രാവിലെ കാണുക പതിവായിരുന്നു.

അദ്യമൊക്കെ ഇവയെ വീട്ടിൽ സംരക്ഷിക്കാൻ ഭർത്താവും മക്കളും സമ്മതിച്ചിരുന്നില്ല. കൈയും കാലും ഒടിഞ്ഞ് ജീവനുവേണ്ടി പിടയുന്ന നായ്ക്കളുടെ ദയനീയമുഖം അമ്മിണിയമ്മയ്ക്ക് സഹിക്കാനായില്ല. നായ്ക്കളെ വീട്ടിൽ എത്തിച്ച് ഭക്ഷണം നൽകി മൃഗാശുപത്രിയിൽനിന്നു മരുന്നുവാങ്ങിക്കൊടുത്തായിരുന്നു തുടക്കം.

വീട്ടിൽ സംരക്ഷിക്കുന്ന നായ്ക്കളിൽ ഏതാണ്ട് ഭൂരിഭാഗവും റോഡിൽ ഉപേക്ഷിച്ചതും വാഹനങ്ങൾ ഇടിച്ചു പരിക്കേറ്റവയുമാണ്.

ചെറിയ പട്ടിക അടിച്ചുണ്ടായിക്കിയ കൂടുകളിലാണ് കുറെ നായകളെ പാർപ്പിച്ചിരിക്കുന്നത്. വീട്ടിലെ എല്ലാ മുറിയിലും നായ്ക്കളുണ്ട്. തൂണിലും കട്ടിലിന്റെ കാലിലുമൊക്കെ നായകളെ കെട്ടിയിട്ടിരിക്കുന്നു. നായ്കുഞ്ഞുങ്ങൾ വീട്ടിലെ കട്ടിലിലാണു കിടപ്പ്. നായ്ക്കളെ വെറുതെ കൂട്ടിലിടുക മാത്രമല്ല. അവയ്ക്ക് മൂന്നു നേരവും ഭക്ഷണവും അമ്മിണിയമ്മ നൽകുന്നു.

വീടിനോടു ചേർന്നുള്ള സ്വകാര്യ സ്‌ഥാപനത്തിൽ സ്വീപ്പറായി ജോലി ചെയ്യുന്ന അമ്മിണിയമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണ് ഇവയെ പോറ്റാനുള്ള വക കണ്ടെത്തുന്നത്. ആദ്യമൊക്കെ മക്കൾ എതിർത്തെങ്കിലും ഇപ്പോൾ അവരും അമ്മയ്ക്കൊപ്പം നായ്ക്കളുടെ പരിപാലനത്തിൽ സഹായിക്കുന്നുണ്ട്. രാവിലെ വീടും പരിസരവും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് വൃത്തിയായി കഴുകും. വേയ്സ്റ്റ് വെള്ളം കളയുവാനായി മാലിന്യ ടാങ്കും നിർമിച്ചിട്ടുണ്ട്.


രാവിലെ നായ്ക്കൾക്കു പൊടിരൂപത്തിലുള്ള ഭക്ഷണം നല്കും. ഉച്ചകഴിഞ്ഞു ചോറും മീൻകറിയുമാണു തീറ്റ. ദിവസം ഒമ്പതു കിലോ അരി വേണ്ടിവരും. അയില, മത്തി തുടങ്ങിയ മീനുകളാണ് അധികവും വാങ്ങുന്നത്.

വീട്ടിൽ കറിവയ്ക്കുന്നതു പോലെ എല്ലാ ചേരുവകളും ചേർത്താണു കറിവച്ചു കൊടുക്കുക. ഉച്ചഭക്ഷണത്തിന്റെ മിച്ചം വരുന്നത് വൈകുന്നേരവും നൽകും. ഭക്ഷണം പാചകം ചെയ്യാനുള്ള വെള്ളവും വിറകും കാശ് കൊടുത്തു വാങ്ങുകയാണ്. റോഡിൽകൂടി രാത്രിയും പകലും വാഹനങ്ങൾ ചീറിപായുന്നതിൽ നായകളെ ഒന്നിനേയും അഴിച്ചുവിടില്ല.

അമ്മിണിയമ്മയുടെ വീടിനു മുറ്റത്തേക്ക് അപരിചിതർക്ക് ആർക്കും എത്താൻ പറ്റില്ല. എത്തിയാൽ 45 നായകളും കുഞ്ഞുങ്ങളും ഒരുമിച്ച് കുരയ്ക്കാൻ തുടങ്ങും. സമീപ വാസികൾ അമ്മിണിയമ്മയുടെ നായ വളർത്തലിനെതിരേ പരാതി നൽകിയതിന്റെ അടിസ്‌ഥാനത്തിൽ മുനിസിപ്പൽ അധികൃതർ സ്‌ഥലം സന്ദർശിച്ചെങ്കിലും അമ്മിണിയമ്മയുടെ പ്രവർത്തനത്തെ പ്രോത്സാ ഹിപ്പിക്കുക മാത്രമാണു ചെയ്തത്. ആർപ്പൂക്കരയിലെ മൃഗഡോക്ടറാണ് അമ്മിണിയമ്മയുടെ നായ്ക്കളെ പരിശോധിക്കുന്നതും ചികിത്സകൾ നിർദേശിക്കുന്നതും. എല്ലാ നായ്ക്കൾക്കും പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ് എടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.