കറുകുറ്റി അപകടം: ട്രെയിൻ സർവീസ് ഭാഗികമായി തുടങ്ങി; സാധാരണ നിലയിലാകാൻ രണ്ടു ദിവസം
കറുകുറ്റി അപകടം: ട്രെയിൻ സർവീസ് ഭാഗികമായി തുടങ്ങി; സാധാരണ നിലയിലാകാൻ രണ്ടു ദിവസം
Sunday, August 28, 2016 1:03 PM IST
കൊച്ചി: കറുകുറ്റിയിൽ തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയതിനെത്തുടർന്നു നിർത്തിവച്ചിരിക്കുന്ന ട്രെയിൻ ഗതാഗതം ഇന്നു പുലർച്ചെയോടെ ഭാഗികമായി പുനഃസ്‌ഥാപിച്ചു. അപകടമുണ്ടായതിനോടു ചേർന്നുള്ള രണ്ടാമത്തെ പാളത്തിലൂടെയാണു ട്രെയിൻ ഓടിച്ചത്.

അറ്റകുറ്റപ്പണികൾ ആദ്യം പൂർത്തിയായത് അപകടമുണ്ടായ പാളത്തിലേതാണെങ്കിലും അതേ പാളത്തിൽ ക്രെയിനുകളും മറ്റും ഉറപ്പിച്ചിരിക്കുന്നതിനാലാണു രണ്ടാമത്തെ പാളത്തിലെ ജോലികൾ പൂർത്തിയാക്കി അതിലൂടെ വ ണ്ടികൾ കടത്തിവിട്ടത്.

ഇതേ പാളത്തിലൂടെത്തന്നെ രണ്ടു വശത്തേക്കും ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. ഇരു പാളങ്ങളും ഗതാഗത യോഗ്യമാകുന്ന സമയംവരെ ഇതേ പാളത്തിലൂടെ മാറിമാറി സമയം ക്രമീകരിച്ചു വണ്ടികൾ ഓടിക്കും. അപകടമുണ്ടായ ഇന്നലെ പുലർച്ചെ മൂന്നു മുതൽ 700 ഓളം പേരാണു ട്രെയിൻ ഗതാഗതം സാധാരണ നിലയിലാക്കുന്നതിനായി രംഗത്തുണ്ടായിരുന്നത്.

രണ്ട് ഹെവി ഡ്യൂട്ടി ക്രെയിനുകൾ, രണ്ട് ആക്സിഡന്റ് റിലീഫ് ക്രെയിനുകൾ, രണ്ട് ആക്സിഡന്റ് മെഡിക്കൽ യൂണിറ്റുകൾ തുടങ്ങിയ യന്ത്രസംവിധാനങ്ങളടക്കം അപകടസ്‌ഥലത്തുണ്ട്. താറുമാറായ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാകാൻ കുറഞ്ഞതു രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു റെയിൽവേ അധികൃതർ പറയുന്നത്.

അപകടസ്‌ഥലത്ത് രണ്ടു കിലോമീറ്ററോളം ദൂരത്തിൽ ഇരുപാളങ്ങളുടെ മേലേയും ഉള്ള ഇലക്ട്രിക് ലൈനുകൾ മുറിച്ചുമാറ്റിയിരിക്കുകയാണ്. ബോഗികൾ നീക്കുന്നതും മറ്റുമുള്ള പ്രവർത്തനങ്ങൾക്കായിട്ടാണിത്. വൈദ്യുതി ലൈനുകൾ സാധാരണനിലയിലേക്ക് ആക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി കൂടുതൽ സമയം വേണമെന്ന കാര്യം മുന്നിൽകണ്ട് ആലുവവരെയും ചാലക്കുടി വംരയും ഇലക്ട്രിക് എൻജിനുകൾ ഉപയോഗിച്ചു വരുന്ന ട്രെയിനുകൾ കറുകുറ്റി വഴി കൊണ്ടുപോരുന്നതിനായി ഡീസൽ ഇൻജിനുകൾ ഇരുസ്‌ഥലങ്ങളിലും തയാറാക്കി നിർത്തിയിട്ടുണ്ട്.


ഇവ പ്രയോജനപ്പെടുത്തിയായിരിക്കും ആദ്യഘട്ടത്തിൽ ട്രെയിനുകൾ അപകടമുണ്ടായ സ്‌ഥലത്തുകൂടി പോവുക. പിന്നീട് ഇലക്ട്രിക് ലൈനുകൾ പുനഃസ്‌ഥാപിച്ചതിനു ശേഷം മാത്രമേ പൂർണമായും വൈദ്യുതി ഉപയോഗിച്ചുള്ള ട്രെയിനുകൾ ഓടിക്കാൻ സാധിക്കുകയുള്ളൂ. വളരെ കൃത്യത ആവശ്യമുള്ള വൈദ്യുതി ലൈൻ പുനഃസ്‌ഥാപിക്കൽ പ്രവൃത്തികൾ പകൽവെട്ടത്തിൽ മാത്രമേ പൂർത്തീകരിക്കാൻ സാധിക്കൂ. വളരെ ഉയർന്ന വോൾട്ടേജിൽ പ്രവർത്തിക്കുന്ന യന്ത്രസംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്.

ഇന്നു വൈകുന്നേരത്തോടെ ഇരു ട്രാക്കുകളിലൂടെയും ട്രെയിൻ ഓടിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു.

സാധാരണഗതിയിൽ ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി രണ്ടു മണിക്കൂറിനകം ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിയും. എന്നാൽ, അതിനു മറ്റു പല ഘടകങ്ങളും കൂടി ഒത്തു വരണം.

ട്രെയിൻ ഗതാഗതം സമയക്രമമനുസരിച്ച് പൂർവസ്‌ഥിതിയിലേക്ക് എത്തുന്നതിനു കൂടുതൽ സമയം വേണ്ടിവരും. വഴി തിരിച്ചുവിട്ടതു മൂലം അഞ്ച് മുതൽ 10 മണിക്കൂർ വരെ വൈകി ഓടിയ ട്രെയിനുകൾ അത്രയും സമയംതന്നെ വൈകിയായിരിക്കും തിരിച്ചും സർവീസ് നടത്തുക.

അഡീഷണൽ ജനറൽ മാനേജർ പ്രദീപ്കുമാർ മിശ്ര, ഡിവിഷണൽ റെയിൽവേ മാനേജർ പ്രകാശ് ബ്യൂട്ടാണി, റെയിൽവേ ചീഫ് സേഫ്റ്റി ഓഫീസർ ജോൺ വർഗീസ്, ചീഫ് ട്രാഫിക് ഓഫീസർ പ്രിയംവദ വിശ്വനാഥ്, ഏരിയ മാനേജർ രാജേഷ് ചന്ദ്രൻ, റെയിൽവേ പോലീസിന്റെയും കേരള പോലീസിന്റെയും ഉന്നത ഉദ്യോഗസ്‌ഥർ എന്നിവർ സ്‌ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.