റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ മരിച്ചു
Monday, August 29, 2016 11:52 AM IST
ആലുവ: ദേശീയപാതയിലെ സർവീസ് റോഡരികിൽ തലയ്ക്കു പിന്നിൽ പരിക്കേറ്റ് അബോധാവസ്‌ഥയിൽ കണ്ടെത്തിയ അഭിഭാഷകൻ മരിച്ചു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റും ആലുവ പൗരസമിതി പ്രസിഡന്റും മറ്റു നിരവധി സംഘടനകളുടെ ഭാരവാഹിയുമായ ആലുവ ഡിവൈഎസ്പി ഓഫീസിനു സമീപത്തെ പന്തപ്ലാക്കൽ അഡ്വ. മാത്യു പോളാണു (66) മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം കൊരട്ടി പൊങ്ങത്ത് റോഡിൽ സ്വന്തംകാറിനു സമീപം ദുരൂഹസാഹചര്യത്തിലാണു മാത്യുപോളിനെ അബോധാവസ്‌ഥയിൽ കണ്ടത്. തലയ്ക്കു പിന്നിൽ ആഴത്തിലും മുഖത്തും പരിക്കേറ്റ നിലയിലായിരുന്നു. നാട്ടുകാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.

ഏതെങ്കിലും വാഹനം ഇടിച്ചുവീഴ്ത്തിയിട്ടു നിർത്താതെ പോയതായിരിക്കാമെന്നു സംശയിക്കുന്നു. ഹൃദയാഘാതമാണോയെന്നും സംശയമുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ ഇന്നു പോസ്റ്റുമോർട്ടം നടത്തും.


എസ്ബിടിയിൽ മാനേജരായിരുന്ന മാത്യു പോൾ വിആർഎസ് എടുത്തശേഷം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം അങ്കമാലി കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ പാളം പരിശോനയിൽ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റായ ഇദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നു.

സംസ്കാരം നാളെ രാവിലെ പത്തിന് പുത്തൻകുരിശ് പെന്തകോസ്ത് സഭ പള്ളിയിൽ നടക്കും. ഭാര്യ: ശോഭന മോട്ടിലാൽ (ഫെഡറൽ ബാങ്ക് റിട്ട. മാനേജർ). മകൾ: സ്നേഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.