സിപിഐ ആദ്യം അടിയന്തരാവസ്‌ഥയെ അനുകൂലിച്ച പാർട്ടി: കോടിയേരി
സിപിഐ ആദ്യം അടിയന്തരാവസ്‌ഥയെ അനുകൂലിച്ച പാർട്ടി: കോടിയേരി
Monday, August 29, 2016 11:59 AM IST
കുറ്റിക്കോൽ (കാസർഗോഡ്): അടിയന്തരാവസ്‌ഥയെ ആദ്യകാലത്ത് അനുകൂലിച്ച പാർട്ടിയാണു സിപിഐയെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ബേഡകം ഏരിയ കമ്മിറ്റി കുറ്റിക്കോലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് അവർ അതു തിരുത്തി. വ്യക്‌തിപരമായ താത്പര്യങ്ങൾക്കുപരി പാർട്ടി താത്പര്യങ്ങൾക്കു വില കൽപ്പിക്കുന്നവർക്കു മാത്രമേ ജീവിതാവസാനം വരെ സിപിഎമ്മിൽ തുടരാൻ പറ്റൂ. പി.ഗോപാലൻ മാസ്റ്ററെ നേതാവാക്കിയതു ജനങ്ങളാണ്. ഇപ്പോൾ ഒരു പാർട്ടി ആനയെ കിട്ടിയെന്ന ആവേശത്തിൽ പ്രചാരണം നടത്തുകയാണ്. പക്ഷേ, കിട്ടിയതു കുഴിയാനയാണെന്നു വൈകാതെ അവർക്കു ബോധ്യമാകുമെന്നും ബേഡകത്തെ സിപിഎം വിമതരിൽ ഒരു വിഭാഗം സിപിഐയിൽ ചേർന്നതിനെ പരാമർശിച്ചു കോടിയേരി പറഞ്ഞു. ഒരാളും ചെങ്കൊടിക്കു മുകളിൽ നിൽക്കില്ല. എല്ലാവരും പാർട്ടിക്കു കീഴിലാണ്. 1964ലെ പിളർപ്പിനു ശേഷം സിപിഐക്കു സ്വാധീനമുണ്ടായിരുന്ന സംസ്‌ഥാനങ്ങളിൽ ഇടതു പാർട്ടികൾ ദുർബലമായി. എന്നാൽ, സിപിഎമ്മിനുസ്വാധീനമുള്ള കേരളം, ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ ഇടതുപക്ഷം ശക്‌തമാണ്. ഇതിനു കാരണം സിപിഎം അവസരവാദ നിലപാടു സ്വീകരിക്കാത്തതാണ്. ശരിയായ രാഷ്ട്രീയ നിലപാടു കൈകൊള്ളാൻ പാർട്ടി എപ്പോഴും തയാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.കരുണാകരൻ എംപി, കെ.പി.സതീഷ് ചന്ദ്രൻ, പി.രാഘവൻ, എം.വി. ബാലകൃഷ്ണൻ, ടി.അപ്പ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.