കാരുണ്യത്തണലിൽ ഒരു വിവാഹാഘോഷം
കാരുണ്യത്തണലിൽ ഒരു വിവാഹാഘോഷം
Monday, August 29, 2016 11:59 AM IST
രാജാക്കാട്: ആർഭാടങ്ങളുടെ മറുവാക്കായി ഇപ്പോഴത്തെ വിവാഹങ്ങൾ മാറുമ്പോൾ ഇങ്ങനെയും വിവാഹം നടത്താമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു റോണി ജോസഫും ജോസ്നമോളും. ആരോരുമില്ലാത്തവർക്ക് അഭയകേന്ദ്രമായ ചെങ്കുളം ലിറ്റിൽ ഫ്ളവർ മേഴ്സി ഹോമിലെ അന്തേവാസിക്കൊപ്പമാക്കിയിരുന്നു അവരുടെ വിവാഹാഘോഷം. സിനിമാ മേക്കപ്മാൻകൂടിയായാണു വെള്ളത്തുവൽ സ്വദേശി അറയ്ക്കൽ റോണി ജോസഫ്. ഓൾകേരളാ സിനി മേക്കപ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റുകൂടിയാണ് റോണി. പാലാ എലിക്കുളം വാലുമാക്കൽ കുടുംബാംഗമാണ് വധു ജോസ്നമോൾ.

വെള്ളത്തുവൽ സെന്റ് ജോർജ് പള്ളിയിലെ വിവാഹ ചടങ്ങുകൾക്കുശേഷം വധൂവരന്മാർ വീട്ടിലേയ്ക്ക് പോകുന്നതിനുമുമ്പ് ക്ഷണിക്കപ്പെട്ടവർക്കൊപ്പം എത്തിയത് ചെങ്കുളം ലിറ്റിൽ ഫ്ളവർ മേഴ്സി ഹോമിലേയ്ക്കാണ്. ഇവിടെ ഇവരെ കാത്തിരുന്നത് മുന്നൂറ്റി അമ്പതോളം വരുന്ന സ്നേഹനിധികളായ അച്ഛനമ്മമാരും കുട്ടികളുമടക്കമുള്ള അന്തേവാസികളായിരുന്നു.


കാറിൽ വന്നിറിയങ്ങിയ വധൂവരന്മാരെ മോഴ്സി ഹോമിലെ ഏറ്റവും പ്രായമുള്ള അപ്പച്ചനും അമ്മച്ചിയും ചേർന്നു പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. തുടർന്ന് പ്രത്യേകം തയാറാക്കിയ വേദിയിലെത്തിയ വധൂവരന്മാർക്ക് മധുരം വയ്ക്കലും മറ്റുചടങ്ങുകളും. അന്തേവാസികളായ എല്ലാവർക്കും ആദ്യം ഭക്ഷണം നൽകി. തുടർന്നാണ് ക്ഷണിക്കപ്പെട്ടവർക്ക് വിരുന്നു സൽകാരം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.