ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്ക് ഇന്നു സപ്തതി
ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്ക് ഇന്നു സപ്തതി
Monday, August 29, 2016 11:59 AM IST
<ആ>ജോമി കുര്യാക്കോസ്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായ്ക്ക് ഇന്നു സപ്തതി. എഴുപതാം പിറന്നാൾ ആഘോഷവേളയിൽ അമേരിക്കയിലെ സഭ വിശ്വാസികൾക്കൊപ്പമാണു ബാവ. നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അടക്കമുളള പ്രതിനിധി സംഘത്തോടൊപ്പം അമേരിക്കയിലെ രണ്ടു ഭദ്രാസനങ്ങളിൽപ്പെട്ട വിവിധ കേന്ദ്രങ്ങളിലെ ഓർത്തഡോക്സ് പളളികളിലും സഭാ സ്‌ഥാപനങ്ങളിലും സന്ദർശനം നടത്തിയശേഷം സെപ്റ്റംബർ ഏഴിനു നാട്ടിൽ മടങ്ങിയെത്തും.

ആത്മീയതയിൽ അടിയുറച്ച ബോധ്യങ്ങളും വിശ്വാസവുമായി സഭാ നൗകയെ മുന്നോട്ടു നയിക്കുന്ന ബാവ തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെ 30–ാം വാർഷികം ആഘോഷങ്ങളും ആർഭാടങ്ങളുമില്ലാതെയാണ് 2015 മേയ് 15ന് ആഘോഷിച്ചത്.

കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.ഐ. ഐപ്പിന്റെ മകനായി 1946 ഓഗസ്റ്റ് 30നായിരുന്നു ജനനം. 1972ൽ പരുമല സെമിനാരിയിൽ വച്ച് ശെമ്മാനശനായി. 1973 ജൂൺ രണ്ടിന് വൈദിക പട്ടം ലഭിച്ചു. 1982 ഡിസംബർ 28ന് തിരുവല്ലയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ മേൽപട്ട സ്‌ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1983 മേയ് 14ന് റമ്പാൻ സ്‌ഥാനം ലഭിച്ചു. 1985ൽ ബസേലിയോസ് മാത്യൂസ് പ്രഥമൻ ബാവ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചു. തുടർന്ന് കുന്നംകുളം ഭദ്രാസനാധിപനായി തെരഞ്ഞെടുക്കപ്പെട്ടു. 2006ൽ പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും പിൻഗാമിയായി തെരഞ്ഞെടുത്തു. 2010 നവംബർ ഒന്നിനു ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന പേരിൽ മലങ്കര സഭ അധ്യക്ഷനായി അഭിഷിക്‌തനായി.

എക്യുമെനിക്കൽ രംഗത്തെ അവിസ്മരണീയമായ അനുഭവമായിരുന്നു ഫ്രാൻസീസ് മാർപാപ്പയുമായി റോമിൽ 2013 സെപ്റ്റംബറിൽ ബാവ നടത്തിയ കൂടിക്കാഴ്ച. അന്ന് വിശുദ്ധ പത്രോസിന്റെ കബറിടം സന്ദർശിച്ചു പ്രാർഥിക്കുകയും മാർപാപ്പ നൽകിയ വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുമായും ബാവയ്ക്ക് ഊഷ്മളമായ ബന്ധമാണുള്ളത്. അർമേനിയൻ സന്ദർശനത്തിനിടെ അപ്രേം ദ്വിതീയൻ ബാവയുമായി ഒരുമിച്ച് പ്രാർഥിക്കുവാനും ഒരുമിച്ചു ഭക്ഷണംകഴിക്കാനും സംസാരിക്കാനും ലഭിച്ച സന്ദർഭം അവിസ്മരണീയമായിരുന്നുവെന്നും ബാവ പറഞ്ഞിട്ടുണ്ട്.


30 ഭദ്രാസനങ്ങളും 33 മേൽപ്പട്ടക്കാരും 25 ലക്ഷം വിശ്വാസികളുമുള്ള മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഇന്ന് കേരളത്തിനു പുറത്ത് ഡൽഹി, അഹമ്മദാബാദ്, കോൽക്കത്ത, ചെന്നൈ, ബാംഗളൂർ എന്നീ ഭദ്രാസനങ്ങളുണ്ട്. അമേരിക്കയിലും യുകെയിലും ഭദ്രാസനങ്ങളുണ്ട്.’

ഗുരുകാരണവൻമാരെയും മാതാപിതാക്കളെയും സഭയുടെ പിതാക്കൻമാരെയും സഭാംഗങ്ങളെയും ദൈവകൃപയുടെ നിമിഷത്തിൽ നന്ദിയോടെ സ്മരിക്കുന്നു. പ്രതിസന്ധികൾ ചെറുതും വലുതുമായി ഉണ്ടാകുക സ്വഭാവികം. ദൈവാശ്രയത്തിൽ ഊന്നി മുന്നോട്ടുപോകാൻ ശ്രമിക്കണം. എല്ലാവരുടെയും നൻമയ്ക്കുവേണ്ടി പ്രാർഥിക്കുന്നു.’ സംതൃപ്തിയുടെ വലിയ ഭാവത്തിൽ എഴുപതുകാരനായ കാതോലിക്കാബാവ വിശ്വാസികൾക്കു നൽകിയ സന്ദേശം ഇതാണ്.

സപ്തതിയിലെത്തുന്ന കാതോലിക്കാ ബാവായ്ക്ക് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും പത്നി മിഷേലും ആശംസകൾ അറിയിച്ച് സന്ദേശം അയച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം സന്ദർശിക്കുന്ന കാതോലിക്കാ ബാവാ കുട്ടികളോടൊപ്പം ജന്മദിന കേക്ക് പങ്ക് വയ്ക്കും. അമേരിക്കയിലെ സപ്തതി വർഷത്തിൽ സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളിൽ ഒന്നായ പരുമല കാൻസർ കെയർ സെന്റർ ഉദ്ഘാടനം ചെയ്യുകയും നിർദ്ധനരായ കാൻസർ രോഗികളുടെ സൗജന്യ ചികിത്സാ സഹായ പദ്ധതി (സ്നേഹ സ്പർശം) ആരംഭിക്കുകയും ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.