അഞ്ചംഗ നോട്ടിരട്ടിപ്പു സംഘം അറസ്റ്റിൽ
അഞ്ചംഗ നോട്ടിരട്ടിപ്പു സംഘം അറസ്റ്റിൽ
Monday, August 29, 2016 11:59 AM IST
പെരിന്തൽമണ്ണ: അഞ്ചംഗ നോട്ടിരട്ടിപ്പ് സംഘം പെരിന്തൽമണ്ണയിൽ പിടിയിലായി. കച്ചവടത്തിൽ മുടക്കുന്ന തുക ഇരട്ടിപ്പിച്ചും മുടക്കുന്ന പണത്തിനു ഇരട്ടി തുകയ്ക്കുള്ള കള്ളനോട്ടുകൾ വിതരണം ചെയ്യാമെന്നുമുള്ള പേരിൽ സംസ്‌ഥാനത്തുനിന്നും തമിഴ്നാട്ടിൽനിന്നുമായി ലക്ഷക്കണക്കിനു രൂപ തട്ടിപ്പു നടത്തിയ കൊണ്ടോട്ടി കരിപ്പൂർ നാറാണത്ത് മെഹ്ബൂബ് (35), പാലക്കാട് നൂറണി വെള്ളത്തൊടി ഹിറാനഗർ റിജാസ് (23), പാലക്കാട് മാട്ടുമന്ത സി.എൻ.പുരം ഷമീർ മൻസിലിൽ താഹിർ (31), പാലക്കാട് നൂറണി പുതുപ്പള്ളി തെരുവു അൻസിയ മൻസിലിൽ അസ്കർ (23), തിരൂരങ്ങാടി മുന്നിയൂർ ആലിൻചുവട് കാഞ്ഞിരത്തിങ്കൽ അബ്ദുള്ളക്കോയ എന്ന അബ്ദുള്ള (54) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആറുമാസം മുമ്പ് ബിസിനസിന്റെ ആവശ്യാർഥം നാലുലക്ഷം രൂപ മുതൽ മുടക്കിയ പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശിക്കു മുതലും ലാഭവും അടക്കം ഇരട്ടി തുക വ്യാജ നോട്ടുകൾ നൽകി തട്ടിപ്പു നടത്തിയ കേസിലാണ് ഇവരെ പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശത്ത് അറസ്റ്റ് ചെയ്തത്. വിവിധ ബിസിനസിൽ പണമിറക്കിയാൽ മുടക്കുന്ന തുകയുടെ ഇരട്ടിതുക അഞ്ചു മാസത്തിനുള്ളിലും ഒരു ലക്ഷം രൂപയ്ക്കു ഇരട്ടിതുക കള്ളനോട്ടുകൾ എത്തിച്ചു നൽകാമെന്നും പറഞ്ഞാണു സംഘം തട്ടിപ്പു നടത്തുന്നത്.

മലപ്പുറം, പാലക്കാട് ജില്ലകളിലായി താമസിക്കുന്ന പ്രതികൾ ബ്രോക്കർമാർ മുഖേനയാണ് ഇരകളെ കണ്ടെത്തുന്നത്. കള്ളനോട്ടിനും ഇരട്ടിലാഭത്തിനുമായി സംഘത്തിന്റെ വലയിലാകുന്ന ആളുകളെ പ്രതികൾ കോട്ടയ്ക്കൽ, മലപ്പുറം, എറണാകുളം, പാലക്കാട്, എടവണ്ണ, മഞ്ചേരി എന്നിവിടങ്ങളിലേക്കു വരുത്തി പ്രലോഭിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. കള്ളനോട്ടുകൾ എത്തിച്ചുതരാമെന്നു പറഞ്ഞാണ് സംഘം കൂടുതലും തട്ടിപ്പു നടത്തിയതെന്നു പോലീസ് പറഞ്ഞു.

മുടക്കുന്ന തുകയുടെ ഇരട്ടി തുകയ്ക്കു കള്ളനോട്ടുകൾ നൽകാമെന്നു പറഞ്ഞു ഒറിജിനൽ നോട്ടുകളുമായി സംഘം ആവശ്യപ്പെടുന്ന സ്‌ഥലത്തെത്തുന്നവരെ 50,000ത്തിന്റെ നോട്ടുകെട്ടുകളിൽ മുകളിലും താഴെയും ഒറിജിനൽ നോട്ടുകൾ ഭദ്രമായി വച്ചാണു തട്ടിപ്പ് നടത്തുന്നത്. ആവശ്യക്കാർക്കു ആദ്യം അമ്പതിനായിരത്തിന്റെ കെട്ടിൽനിന്നു ഒരു ഒറിജിനൽ നോട്ടുകെട്ടു കാണിച്ചു കള്ളനോട്ടുകളാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. ഇതു വിശ്വസിക്കുന്നവരെ പിന്നീടു മറ്റൊരു സ്‌ഥലത്തേക്കു വിളിച്ചുവരുത്തി നേരത്തെ ബാഗിനകത്തു തയാറാക്കി വച്ചതും കോയമ്പത്തൂരിൽനിന്നു അച്ചടിച്ചതുമായ വ്യാജ പ്രിന്റുകൾ കാണിച്ചു ഒറിജിനൽ വാങ്ങി കബളിപ്പിക്കുകയാണ് സംഘത്തിന്റെ രീതി. അറസ്റ്റിലായവരെ ചോദ്യം ചെയ്തതോടെ മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിലെയും തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങളിലെയും ആളുകളെ ഈ വിധത്തിൽ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തതായി പ്രതികൾ സമ്മതിച്ചു. കള്ളനോട്ടിന്റെ പേരിൽ നടക്കുന്ന സംഭവങ്ങളായതിനാൽ പലരും പോലീസിൽ പരാതിപ്പെടാറില്ല. അറസ്റ്റിലായ മെഹ്ബൂബ്, താഹിർ എന്നിവർക്കെതിരേ പാലക്കാട് നോർത്ത്, വേങ്ങര, കോട്ടക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയതിനു കേസുകളുണ്ട്. ഇതിനിടെയാണ് ഇവരുൾപ്പെട്ട സംഘം പെരിന്തൽമണ്ണയിൽ പിടിയിലാകുന്നത്.


പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രനു ലഭിച്ച നിർദേശ പ്രകാരം സിഐ സാജു കെ. ഏബ്രഹാം, എസ്ഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടൗൺ ഷാഡോ പോലീസ് ടീമിലെ അന്വേഷണ ഉദ്യോഗസ്‌ഥരായ പി. മോഹൻദാസ്, സി.പി. മുരളി, പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, ദിനേശ് കിഴക്കേക്കര, ബി. സന്ദീപ്, മനോജ്, അഭിലാഷ് കൈപ്പിനി, സുമേഷ്, ടി. സെലീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തു തുടരന്വേഷണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.