ബിജെപി സംസ്‌ഥാന നേതൃത്വത്തിന് എതിരേ വെള്ളാപ്പള്ളി
ബിജെപി സംസ്‌ഥാന നേതൃത്വത്തിന് എതിരേ വെള്ളാപ്പള്ളി
Monday, August 29, 2016 12:09 PM IST
ചേർത്തല: ബിജെപി സംസ്‌ഥാന നേതൃത്വത്തിനെതിരേ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്‌ഥാപനങ്ങളിലുള്ള ഒഴിവുകൾ നികത്തുന്ന കാര്യത്തിൽ സമ്മർദം ചെലുത്താൻ ബിജെപി സംസ്‌ഥാന നേതൃത്വം ശ്രമിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. നേതൃത്വം കൂടുതൽ കാര്യഗൗരവത്തോടെ ഇക്കാര്യത്തെ സമീപിച്ചിരുന്നെങ്കിൽ ഒഴിവുകൾ പലതും നികത്തപ്പെട്ടേനെ. ചേർത്തലയിൽ നടന്ന എസ്എൻ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചശേഷം മാധ്യമപ്രർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഖജനാവിൽനിന്ന് ശമ്പളം കൊടുക്കുന്ന എല്ലാ സ്‌ഥാപനങ്ങളിലും പിഎസ്സി മുഖാന്തിരം നിയമനം നടത്തണം. എല്ലാ എയ്ഡഡ് സ്‌ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കണം. എസ്എൻഡിപി യോഗവും ട്രസ്റ്റും അധ്യാപക നിയമനങ്ങളിൽ കോഴ വാങ്ങാറില്ല. എന്നാൽ സംഭാവനകൾ സ്വീകരിക്കാറുണ്ട്. മെഡിക്കൽ പ്രവേശനത്തിനാണ് ഏറ്റവും കൂടുതൽ കോഴ നടക്കുന്നത്. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് ജയിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു എന്നതിനാലാണ് വിധിക്ക് എതിരേ അപ്പീൽ കൊടുക്കില്ലെന്ന് മുൻകൂട്ടി പറഞ്ഞത്. സർക്കാർ പരിപാടികളിലും സ്കൂളുകളിലും നിലവിളക്ക് തെളിയിക്കലും പ്രാർഥനയും പാടില്ലെന്ന മന്ത്രി ജി. സുധാകരന്റെ അഭിപ്രായം അനവസരത്തിലുള്ളതും സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതുമാണ്.


മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന പ്രസംഗങ്ങൾ സുധാകരൻ ഒഴിവാക്കേണ്ടതായിരുന്നു. ജീവിതാവസാനംവരെ പാൽ നൽകുകയും പിന്നീട് കൊല്ലുകയും ചെയ്യുന്ന പശുക്കളോടുള്ളതിനേക്കാർ സ്നേഹം നായകളോട് കാണിക്കുന്നവർ കേവലമായ പ്രചാരണമാണ് ലക്ഷ്യമാക്കുന്നത്. ആക്രമണകാരികളായ നായകളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ശാശ്വതമായ നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.