കന്നുകുട്ടി പരിപാലന പദ്ധതിയും സൗജന്യനിരക്കിൽ കാലിത്തീറ്റയും നിലച്ചു
കന്നുകുട്ടി പരിപാലന പദ്ധതിയും സൗജന്യനിരക്കിൽ കാലിത്തീറ്റയും നിലച്ചു
Monday, August 29, 2016 12:20 PM IST
<ആ>ജെവിൻ കോട്ടൂർ

കോട്ടയം: പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാൻ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച കന്നുകുട്ടി പരിപാലന പദ്ധതി നിർത്തിവച്ചതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. ക്ഷീരമേഖലയെ സ്വയം പര്യാപ്തമാക്കുക, കന്നുകാലികളുടെ എണ്ണം വർധിപ്പിക്കുക, പാൽ ഉത്പാദനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു കന്നുകുട്ടി പരിപാലന പദ്ധതി ആരംഭിച്ചത്. കന്നുകുട്ടികളുള്ള ക്ഷീരകർഷകർക്കു ആദ്യ പ്രസവം വരെ സബ്സിഡിയായി പകുതി വിലയ്ക്ക് എല്ലാ മാസവും സർക്കാർ ഉടമസ്‌ഥതയിലുള്ള കേരള ഫീഡ്സിൽ നിന്നു 75 കിലോ വീതം കാലിത്തീറ്റ നൽകിയിരുന്നു. സബ്ഡിഡി നിരക്കിൽ കർഷകർക്കു ലഭിച്ചുകൊണ്ടിരുന്ന കാലിത്തീറ്റ കഴിഞ്ഞ മൂന്നു മാസമായിട്ടു ലഭിക്കുന്നില്ല. കേരള ഫീഡ്സ് മുന്നറിയിപ്പില്ലാതെ കിടാരികൾക്കുള്ള കാലിത്തീറ്റയുടെ ഉല്പാദനം നിർത്തിവച്ചതാണു കേരളത്തിലെ ക്ഷീരകർഷകർക്കു തിരിച്ചടിയായി മാറിയിരിക്കുന്നത്.

പദ്ധതി ആവിഷ്കരിച്ചതു മുതൽ വന്ന സർക്കാരുകൾ പദ്ധതിക്ക് ഉദാരമായ പ്രോത്സാഹനം നൽകിയിരുന്നു. പദ്ധതിയിലുടെ സബ്സിഡി ലഭിക്കുന്നതിനാലാണ് ഭൂരിഭാഗം കർഷകരും കന്നുകുട്ടികളെ വളർത്തിയിരുന്നത്. ഒരു കിടാവിനു 75 കിലോ വീതം 650 രൂപ നിരക്കിലാണു കാലിത്തീറ്റ ലഭിച്ചിരുന്നത്. മാർക്കറ്റിൽ 1300 രൂപ വില വരുന്ന കാലിത്തീറ്റയാണു ഈ നിരക്കിൽ ക്ഷീരകർഷകർക്കു നൽകിയിരുന്നത്. ഇത്തരത്തിൽ കാലിത്തീറ്റ ലഭിക്കുന്നതിനായി ക്ഷീരകർഷകർക്കുള്ള പശുക്കിടാവുകളെ അതാതു കർഷകരുടെ പരിധിയിലുള്ള മൃഗാശുപത്രിയിലാണു രജിസ്റ്റർ ചെയ്യുന്നത്. തുടർന്നു ഗ്രാമസഭകളിൽ അപേക്ഷ സമർപ്പിച്ചശേഷം ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഡോക്ടർമാരുടെ സംഘമെത്തി കിടാക്കളെ പരിശോധിച്ചു ഇൻഷ്വർ ചെയ്തും ചെവിയിൽ അടയാളം പതിപ്പിച്ചുമാണ് സബ്സിഡി നിരക്കിൽ തീറ്റ നല്കിയിരുന്നത്.


കഴിഞ്ഞ മൂന്നു മാസമായിട്ടും സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭിക്കാതെ വന്നതോടെ അന്വേഷണവുമായി എത്തിയ കർഷകരോടു സർക്കാർ ഉടമസ്‌ഥതയിലുള്ള കേരള ഫീഡ്സ് ഫാക്ടറി നഷ്ടത്തിലാണെന്നും കിടാരികൾക്കുള്ള കാലിത്തീറ്റ നിർമാണം നിർത്തിയെന്നുമുള്ള വിശദീകരണമാണു അധികൃതർ നല്കുന്നത്. എന്നാൽ, കറവ പശുക്കൾക്കു നല്കുന്ന കാലിത്തീറ്റ കേരള ഫീഡ്സ് ഉല്പാദിപ്പിക്കുകയും സുലഭമായി മാർക്കറ്റിൽ ലഭിക്കുന്നുണ്ടെന്നും ക്ഷീരകർഷകർ പറയുന്നു. കറവപ്പശുക്കൾക്കു നൽകുന്ന കാലിത്തീറ്റ 50 കിലോഗ്രാമിന്റെ ഒരു ചാക്കിനു 1,000 മുതൽ 1,100 രൂപവരെയാണു വില ഈടാക്കുന്നത്.

ക്ഷീരകർഷകർക്കു പാലിനു ന്യായമായ വില ലഭിക്കാത്തതും കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നതും കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞു മൂന്നു മാസത്തിനിടയിൽ കാലിത്തീറ്റയ്ക്കു 25രൂപവരെ വർധിച്ചതായും കർഷകർ പറഞ്ഞു.

കന്നുകുട്ടി പരിപാലന പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി മൃഗസംരക്ഷണ മന്ത്രി കെ. രാജുവിനു നിവേദനം നല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.