രണ്ടു വർഷത്തിനുള്ളിൽ 500 മെഗാവാട്ട് സൗരോർജ വൈദ്യുതി
രണ്ടു വർഷത്തിനുള്ളിൽ 500 മെഗാവാട്ട് സൗരോർജ വൈദ്യുതി
Monday, August 29, 2016 12:20 PM IST
കൽപ്പറ്റ: കേരളത്തിൽ വരുന്ന രണ്ടു വർഷത്തിനുള്ളിൽ 500 മെഗാ വാട്ട് സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുമെന്നു വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രൻ. ബാണാസുരസാഗറിൽ 400 കിലോവാട്ട് ഡാം ടോപ്പ് സൗരോർജ വൈദ്യുതി നിലയം കമ്മീഷൻ ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണു നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ഒരു കാലത്ത് മിച്ചവൈദ്യുതി സംസ്‌ഥാനമായിരുന്നു കേരളം ഇന്നു മറ്റു സംസ്‌ഥാനങ്ങളിൽനിന്നു വൈദ്യുതി വാങ്ങുകയാണ്. ഇവിടെ ആവശ്യമുള്ളതിന്റെ 65 ശതമാനവും പുറമെനിന്നു വാങ്ങേണ്ടി വരുന്നു. ഈ അവസ്‌ഥയിൽനിന്നു മാറ്റമുണ്ടാകണം. ഉപഭോക്‌താക്കൾ തന്നെ ഉത്പാദകരാകുന്ന രീതിയാണു വൈദ്യുതിയുടെ കാര്യത്തിൽ മറ്റുരാജ്യങ്ങൾ ചിന്തിക്കുന്നത്. ഈ ശീലമാണു കേരളവും പിന്തുടരേണ്ടത്. ഏറ്റവും ചെറിയ വൈദ്യുത ഉത്പാദന യൂണിറ്റ് മുതൽ വലിയ പദ്ധതിക്കു വരെയും സർക്കാർ സഹായം നൽകും. സൗരോർജത്തിനു പുറമെ കാറ്റ്, തിരമാല എന്നിവയിൽനിന്നെല്ലാം വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതികൾ മുന്നേറുന്നുണ്ട്.

അഞ്ചു വർഷത്തിനുള്ളിൽ വൈദ്യുത ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് ലക്ഷ്യം. മേൽക്കൂരയിൽ സോളാർ പാനലുകൾ സ്‌ഥാപിച്ച് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് താമസിയാതെ സർക്കാർ ഓഫീസുകൾ മാറും. കൂടുതൽ സ്‌ഥലം വേണമെന്നതാണ് സൗരോർജ വൈദ്യുതി ഉത്പാദനത്തിന്റെ ന്യൂനത. കാസർഗോഡ് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 1,000 ഏക്കർ സ്‌ഥലമാണു വേണ്ടി വന്നത്. അണക്കെട്ടുകളിലെ ഉപരിതലത്തിൽ സോളാർ പാനൽ വിരിക്കുന്ന പദ്ധതി ഇതുകൊണ്ടു തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.


സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ഡയറക്ടർ വി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, എഡിഎം കെ.എം. രാജു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷൺമുഖൻ, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സജേഷ്, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് റീന സുനിൽ, ജില്ലാ പഞ്ചായത്തംഗം കെ.ബി. നസീമ, ജിൽസി സണ്ണി, ഈന്തൻ അലി, ശാന്തിനി ഷാജി, കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ സേഫ്റ്റി ഡയറക്ടർ എൻ. വേണുഗോപാൽ, വി. ബ്രിജ്ലാൽ എന്നിവർ പ്രസംഗിച്ചു. ചീഫ് എൻജിനിയർ ആർ. സുകു റിപ്പോർട്ട് അവതരിപ്പിച്ചു.

400 കിലോവാട്ട് ശേഷിയുള്ള പദ്ധതിയിൽ പ്രതിവർഷം ശരാശരി അഞ്ച് ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവും. ഇതിനായി 250 വാട്ട് ശേഷിയുള്ള 1760 സോളാർ പാനലുകളും ഡിസി വൈദ്യുതിയെ എസി വൈദ്യുതിയാക്കുന്ന 50 കിലോവാട്ട് ശേഷിയുള്ള ഒമ്പത് ഇൻവർട്ടറുകളും സ്‌ഥാപിച്ചിട്ടുണ്ട്. 685 മീറ്റർ നീളമുള്ള ഡാം പാത്ത്വേയിൽ 285 മീറ്ററിലാണ് ഇപ്പോൾ സോളാർ പാനലുകൾ സ്‌ഥാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ 400 മീറ്ററിൽ കൂടി പാനലുകൾ സ്‌ഥാപിക്കും. ഇവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെവി സബ് സ്റ്റേഷനിലേക്കാണു പ്രവഹിക്കുക. 4.293 കോടി രൂപ ചെലവിൽ കെൽട്രോണാണ് പദ്ധതി പൂർത്തിയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.