ദയാവധത്തിനുള്ള നിയമനിർമാണത്തിൽനിന്നു കേന്ദ്രം പിന്മാറണം: ആർച്ച് ബിഷപ് ഡോ. സൂസപാക്യം
ദയാവധത്തിനുള്ള നിയമനിർമാണത്തിൽനിന്നു കേന്ദ്രം പിന്മാറണം: ആർച്ച് ബിഷപ് ഡോ. സൂസപാക്യം
Monday, August 29, 2016 12:20 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദയാവധത്തിനായുള്ള നിയമനിർമാണത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. ദയാവധത്തിനെതിരേ വിവിധ മനുഷ്യാവകാശ സംഘടനകളുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിനു ദൈവത്തിന്റേതായ പദ്ധതിയുണ്ട്. സഹനം അനുഭവിക്കുന്നവരെയെല്ലാം ലോകത്തുനിന്നു നിഷ്കാസനം ചെയ്യുന്ന പദ്ധതിയല്ല വേണ്ടത്. അവയവ കച്ചവട ലോബി ഇന്നു സമൂഹത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദയാവധത്തിനുള്ള നിയമനിർമാണം പാവപ്പെട്ടവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു കാരണമാകും. പാവപ്പെട്ടവരെ മരണത്തിലേക്കു തള്ളിവിട്ട് അവയവങ്ങൾ കച്ചവടം ചെയ്യുന്നതിന് ഇതു കാരണമാകും. അതുകൊണ്ടുതന്നെ ഈ ദയാവധ നിയമനിർമാണവുമായി മുന്നോട്ടുപോകുന്നതിനു കേന്ദ്രസർക്കാരിനെ അനുവദിക്കരുത്.

സഹനത്തിന് അതിന്റേതായ മഹത്വമുണ്ട്. സഹനത്തിന്റെ പാതയിലുള്ളവരെയെല്ലാം കൊന്നുകളയാം എന്നു തീരുമാനിച്ചാൽ സമൂഹം എവിടെയെത്തി നിൽക്കുമെന്നും ആർച്ച് ബിഷപ് ചോദിച്ചു.


വധശിക്ഷ കൊടുംകുറ്റവാളികൾക്കുള്ളതാണെന്നും രോഗികൾ കുറ്റവാളികളല്ലെന്നും കൂട്ടായ്മയിൽ പ്രസംഗിച്ച ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ കെ. രാമൻപിള്ള പറഞ്ഞു. ദയാവധം എന്ന് ഓമനപ്പേരിട്ടു വധിക്കാനുള്ള അവകാശം ആർക്കെങ്കിലും നൽകാൻ രാജ്യത്തിനും അവകാശമില്ല. ജനപ്രതിനിധികൾ ഒരിക്കലും ഈ അധർമത്തിന് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര, കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ, മിഷൻ ലീഗ് മാനന്തവാടി രൂപത ഡയറക്ടർ ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം സെക്രട്ടറി ടി.പീറ്റർ, സി.എസ്. വെങ്കിടേശ്വരൻ, അനിതാ തമ്പി, ഡോ.ഡി. സുരേന്ദ്രനാഥ്, ഡോ.ഒ.എസ്. ശ്യാംസുന്ദർ, പെമ്പള ഒരുമ സമരനേതാക്കളായ ലിസി സണ്ണി, ജെ.രാജേശ്വരി, ജോളി തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.