ഇടതുമുന്നണി യോഗം ഇന്ന്
Monday, August 29, 2016 12:20 PM IST
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ പരിശോധിക്കാനായി ഇടതുമുന്നണി യോഗം ഇന്നു ചേരും. ബോർഡ്– കോർപറേഷനുകൾ വീതംവയ്ക്കുന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. സിപിഎം കൈവശം വച്ചിരിക്കുന്ന മിക്ക ബോർഡുകളിലും കോർപറേഷനുകളിലും ചെയർമാന്മാരെ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. എൽഡിഎഫിലെ ഘടകകക്ഷികൾക്കും മുന്നണിയുമായി സഹകരിച്ചു നിൽക്കുന്ന പാർട്ടികൾക്കും കോർപറേഷനുകൾ നൽകുന്നതു സംബന്ധിച്ചും തീരുമാനം യോഗത്തിലുണ്ടാകും.

ജനാധിപത്യ കേരള കോൺഗ്രസ്, സിഎംപി, ജെഎസ്എസ്, കേരള കോൺഗ്രസ്–ബി പാർട്ടികൾക്കു കോർപറേഷൻ പദവികൾ ലഭിക്കും. ജനാധിപത്യ കേരള കോൺഗ്രസ് രണ്ടു കോർപറേഷനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


എറണാകുളത്തു സിപിഎമ്മിൽ നിന്നും സിപിഐയിലേക്കു പ്രവർത്തകർ പോയതുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിൽ ഉണ്ടായിട്ടുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇടതുമുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യാൻ ഇടയുണ്ട്. ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എം. സ്വരാജ് എംഎൽഎയും എറണാകുളത്തെ സിപിഐ നേതൃത്വവും പരസ്യമായിത്തന്നെ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ വിഷയം നീട്ടിക്കൊണ്ടുപോകരുതെന്ന അഭിപ്രായമാണ് ഇരുപാർട്ടിയിലെയും മുതിർന്ന നേതാക്കൾക്കുള്ളത്. സ്വരാജിനെ വിമർശിച്ചു സിപിഐ മുഖപത്രം ഇന്നലെ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.