കറുകുറ്റി ട്രെയിൻ അപകടം: ജീവനക്കാരുടെ മൊഴിയെടുക്കം
കറുകുറ്റി ട്രെയിൻ അപകടം: ജീവനക്കാരുടെ മൊഴിയെടുക്കം
Monday, August 29, 2016 12:20 PM IST
<ആ>സ്വന്തം ലേഖകൻ

അങ്കമാലി: തിരുവനന്തപുരം–മംഗലാപുരം എക്സ്പ്രസ് ട്രെയിൻ കഴിഞ്ഞ ദിവസം കറുകുറ്റിയിൽ പാളം തെറ്റിയ സംഭവത്തെക്കുറിച്ചു വിദഗ്ധസമിതി അന്വേഷണം ആരംഭിച്ചു.

സമിതിയുടെ സിറ്റിംഗ് ഇന്നു രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടക്കും. അപകടത്തിന്റെ ദൃക്സാക്ഷികൾ, ലോക്കോ പൈലറ്റുമാർ എന്നിവരിൽനിന്നു മൊഴിയെടുക്കുമെന്നു സമിതി ചെയർമാനായ ദക്ഷിണ റെയിൽവേ ചീഫ് സെക്യൂരിറ്റി ഓഫീസർ(സിഎസ്ഒ) ജോൺ തോമസ് പറഞ്ഞു. അപകടം നടന്ന സ്‌ഥലം പരിശോധിക്കാൻ ഇന്നലെ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ബന്ധപ്പെട്ട രേഖകളും സിറ്റിംഗിൽ പരിശോധിക്കും. ആളപായമില്ലെങ്കിലും കറുകുറ്റിയിലേത് വലിയ അപകടമായാണ് റെയിൽവേ കാണുന്നത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കുവേണ്ടികൂടിയാണ് ഈ അന്വേഷണം. പാളത്തിൽ ഉണ്ടായ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം.

ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയുള്ളതായി ഇപ്പോൾ കരുതുന്നില്ല. അപകടം നടന്ന സ്‌ഥലം ചെറിയ വളവോടുകൂടിയ ഭാഗമാണ്. റെയിലിന് പൊട്ടൽ എങ്ങനെ സംഭവിച്ചെന്നത് ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും സിഎസ്ഒ പറഞ്ഞു.ട്രാക്ക്, കോച്ചുകൾ, സിഗ്നലിംഗ് സംവിധാനങ്ങൾ എന്നിവയ്ക്കു പുറമേ ലോക്കോപൈലറ്റ്, അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ഗാർഡ് എന്നിവരുടെ ആരോഗ്യസ്‌ഥിതിയും മറ്റു ജീവനക്കാരുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. ലോക്കോപൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഗാർഡ് എന്നിവരെ അപകടദിവസം തന്നെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.


വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും.ചീഫ് ട്രാക്ക് എൻജിനിയർ(സിടിഇ) ലത്തീഫ് ഖാൻ, സീനിയർ ഡിവിഷണൽ എൻജിനിയർ(കോ–ഓർഡിനേഷൻ) രാജേന്ദ്രകുമാർ മീണ, ഡിവിഷണൽ എൻജിനിയർമാരായ എൻ. ചന്ദ്രശേഖരൻ, ശ്രീകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സിഎസ്ഒ, സിടിഇ എന്നിവർക്കു പുറമെ ചീഫ് റോളിംഗ് സ്റ്റോക്ക് എൻജിനീയർ(സിആർഎസ്സി) പാസ്വാൻ, ചീഫ് ഇലക്ട്രിക്കൽ ലോക്കോമോട്ടീവ് എൻജിനിയർ( സിഇഎൽഇ ) ചൗധരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.