സിയാൽ വാർഷിക പൊതുയോഗം സെപ്റ്റംബർ 27ന്
Tuesday, August 30, 2016 1:00 PM IST
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) 22–ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 27നു രാവിലെ 11നു ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും.

അജൻഡയിൽ ആദ്യ ഇനം 2015–16 സാമ്പത്തിക വർഷത്തെ ബാലൻസ് ഷീറ്റും അനുബന്ധ പട്ടികകളും റിപ്പോർട്ടുകളുമാണ്. 524.53 കോടി രൂപ വരവും 175.22 കോടി രൂപ നികുതിക്കുശേഷമുള്ള അറ്റാദായവും കാണിക്കുന്നതാണ് വാർഷിക റിപ്പോർട്ടിലെ ബാലൻസ് ഷീറ്റ്. ഡിവിഡന്റാണ് രണ്ടാമത്തെ വിഷയം. ലാഭവിഹിതമായി നല്കാൻ 86,07,93,185 രൂപയും ലാഭവിഹിത നികുതിയായി 17,52,40,277 രൂപയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. റൊട്ടേഷൻ പ്രകാരം വിരമിക്കുന്ന ഡയറക്ടർമാരായ കെ.എം. മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ. ബാബു, ജിജി തോംസൺ എന്നിവർക്കു പകരം നിയമിക്കുന്ന മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി.എസ്. സുനിൽകുമാർ, മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവരെ ഡയറക്ടർമാരായി പൊതുയോഗം അംഗീകരിക്കേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.