പരിയാരത്ത് കാറും ലോറിയും കൂട്ടിയിടിച്ചു വ്യാപാരി മരിച്ചു
Tuesday, August 30, 2016 1:00 PM IST
പരിയാരം(കണ്ണൂർ): കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രക്കാരനായ വ്യാപാരി മരിച്ചു. വിളയാങ്കോട് സ്വദേശിയും അലയ്ക്യംപാലത്തെ ‘അമ്മ’ സൂപ്പർ മാർക്കറ്റ് പാർട്ണറുമായ മേനാച്ചേരിൽ ആന്റണി (52) യാണു മരിച്ചത്. ഇന്നലെ രാവിലെ 6.30ഓടെ ദേശീയപാതയിൽ പരിയാരം മെഡിക്കൽ കോളജിനു സമീപത്തായിരുന്നു അപകടം.

ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സ്കൂളിൽ പഠിക്കുന്ന മകനെ പരിയാരം മെഡിക്കൽ കോളജ് ബസ്സ്റ്റോപ്പിൽ കൊണ്ടുവിട്ടതിനുശേഷം തിരികെ വീട്ടിലേക്കു പോകുന്നതിനിടെ ആന്റണി സഞ്ചരിച്ചിരുന്ന കാർ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎ 23 കെ 8645 നമ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആന്റണിയെ നാട്ടുകാർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ രാവിലെ 9.30ന് പരിയാരം വാഴ്ത്തപ്പെട്ട മദർതെരേസ ദേവാലയത്തിലെ പ്രാർഥനയ്ക്കുശേഷം ഉച്ചയ്ക്ക് 12ന് മണിക്കടവ് ശാന്തിനഗർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടക്കും.


ഭാര്യ: റെജിമോൾ (സൂപ്പർവൈസറി നഴ്സ്, പരിയാരം മെഡിക്കൽ കോളജ്). മക്കൾ: ആർഷ്യ (സിഎ വിദ്യാർഥിനി, ബംഗളൂരു), ആർഷിക് (വിദ്യാർഥി, മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ). അങ്കമാലി കാലടിയിലെ മേനാച്ചേരിൽ ഔസേപ്പ്–മേരി ദമ്പതികളുടെ മകനാണ് മരിച്ച ആന്റണി. സഹോദരങ്ങൾ: ബ്രദർ ജോസ് ഒസിഡി (റാഞ്ചി), ദേവസ്യ (കാലടി), മേരി (ഒല്ലൂർ), സിസ്റ്റർ അമ്മിണി (നാഗ്പൂർ). ദീപിക കണ്ണൂർ യൂണിറ്റ് അഡ്വർടൈസ്മെന്റ് മാനേജർ ജോസ് ലൂക്കോസിന്റെ സഹോദരീഭർത്താവാണ് മരിച്ച ആന്റണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.