പെരുമ്പാവൂരിൽ എടിഎം പൊളിച്ചു കവർച്ചാശ്രമം
Tuesday, August 30, 2016 1:00 PM IST
പെരുമ്പാവൂർ: പെരുമ്പാവൂരിനു സമീപം വെങ്ങോലയിൽ എടിഎം പൊളിച്ചു പണം കവരാനുള്ള ശ്രമം വിഫലമായി. മോഷ്‌ടാക്കൾ രക്ഷപ്പെട്ടു. വെങ്ങോല കനാൽ ജംഗ്ഷനു സമീപമുള്ള എടിഎം കൗണ്ടറിലാണ് ഇന്നലെ പുലർച്ചെ രണ്ടോടെ കവർച്ചാശ്രമം നടന്നത്. അപകടഅലാറം മുഴങ്ങിയതോടെ കവർച്ചാശ്രമം അവസാനിപ്പിച്ച് മോഷ്‌ടാക്കൾ രക്ഷപ്പെടുകയായിരുന്നു.

മുഖത്ത് ചാക്ക് ധരിച്ചെത്തിയ മോഷ്‌ടാവ് എടിഎമ്മിന്റെ താഴെയുള്ള ഭാഗം തകർത്തതോടെ അപായസൂചന എറണാകുളത്തെ ഹെഡ് ഓഫീസിൽ അറിയുകയും ഇവിടെനിന്നു പോലീസിന് വിവരങ്ങൾ കൈമാറുകയുമായിരുന്നു. അലാറമടിച്ചതോടെ മോഷ്ടാക്കൾ ഉദ്യമം ഉപേക്ഷിച്ചു കടന്നുകളഞ്ഞു.


വിവരം അറിഞ്ഞയുടൻ പോലീസ് സംഭവസ്‌ഥലത്ത് എത്തിയെങ്കിലും മോഷ്‌ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ ഒന്നിലധികം പേർ ഉള്ളതായി സംശയിക്കുന്നു.

അന്യസംസ്‌ഥാന തൊഴിലാളികളാണെന്നാണ് പോലീസ് നിഗമനം. പ്രതി മുഖം മറച്ചുവന്നതും മറ്റും കാമറയിൽ വ്യക്‌തമാണ്. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.