എല്ലാവർക്കും ഭവനം; ഹരിതകേരളം പദ്ധതികൾക്കു നാളെ തുടക്കം
എല്ലാവർക്കും ഭവനം; ഹരിതകേരളം പദ്ധതികൾക്കു നാളെ തുടക്കം
Tuesday, August 30, 2016 1:11 PM IST
തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ നൂറു ദിവസം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചു സംസ്‌ഥാനത്തു ഭവനരഹിതരായ എല്ലാവർക്കും വീടു നൽകുന്ന പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. വ്യാഴാഴ്ച പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഇഎംഎസിന്റെ പേരിലുള്ള ഭവന പദ്ധതിയിലൂടെ നാലു ലക്ഷം ഭവനരഹിതർക്കു പദ്ധതിയിലൂടെ വീടുകൾ ലഭ്യമാക്കും. സ്വന്തമായി ഭൂമിയില്ലാത്തവർക്കു ഭൂമി നൽകും. ഇതു ഫലപ്രദമായില്ലെങ്കിൽ ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകുന്ന പരിപാടിയും സർക്കാർ നടപ്പിലാക്കും. സിവിൽ സപ്ലൈസ് കോർപറേഷനെ കാര്യക്ഷമമാക്കി ബിപിഎൽ കാർഡുടമകൾക്കു മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനുള്ള സത്വര നടപടിയും സർക്കാർ സ്വീകരിക്കും. ഈ ഓണക്കാലത്തു തന്നെ സിവിൽ സപ്ലൈസ് കോർപറേഷനെ ഇതിനായി സജ്‌ജമാക്കും.

സംസ്‌ഥാനത്തു പൂട്ടിക്കിടന്ന എല്ലാ കശുവണ്ടി ഫാക്ടറികളും ഓണത്തിനു മുമ്പുതന്നെ തുറന്നതിലൂടെ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം പാലിക്കാനായതിൽ എൽഡിഎഫ് യോഗം സന്തുഷ്‌ടി പ്രകടിപ്പിച്ചു. മാലിന്യസംസ്കരണം സംസ്‌ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയായി ഏറ്റെടുത്തു ഇതിനായി നൂതനപദ്ധതികൾ ആവിഷ്കരിക്കുന്നതോടൊപ്പം കേരളത്തെ കൂടുതൽ ഹരിതാഭമാക്കാനുള്ള പദ്ധതികളും ആരംഭിക്കും. ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വിതരണം ആരംഭിച്ചതു സർക്കാരിനു വലിയ നേട്ടമായി. കുടിശികയുള്ള മുഴുവൻ തുകയും എല്ലാ പെൻഷൻകാർക്കും കിട്ടിയെന്ന് ഉറപ്പുവരുത്താൻ ഇടതുമുന്നണിശ്രദ്ധിക്കും.


ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കുവാൻ കൃഷി വകുപ്പിനെ കൂടുതൽ സജ്‌ജമാക്കുന്നതിന്റെ ഭാഗമായി മേൽത്തരം പച്ചക്കറിവിത്തുകൾ ജനങ്ങൾക്കു വിതരണം ചെയ്യും. സംസ്‌ഥാന ഹോർട്ടികോർപ് മിഷനായിരിക്കും ഇതിന്റെ ചുമതല. ഇതിലൂടെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ മുഴുവൻ സർക്കാർ തന്നെ വാങ്ങും. ഇതു വിപണിയിലെത്തിച്ചു ജനങ്ങൾക്കു ലഭ്യമാക്കാൻ കുടുംബശ്രീ സംവിധാനത്തെ പ്രയോജനപ്പെടുത്തും.

വിപണനകേന്ദ്രങ്ങൾ ഇല്ലെന്ന പരാതി ഇനി ഉണ്ടാകില്ല. ഇതിനായി തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും. സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ പദ്ധതികളുടെയും മേൽനോട്ടം ബന്ധപ്പെട്ട വകുപ്പുകൾക്കായിരിക്കും. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ അതതുവകുപ്പുകൾ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് സമിതിയുണ്ടാക്കി നിരീക്ഷിക്കണം.

യഥാസമയം ഇക്കാര്യങ്ങൾ വകുപ്പു മന്ത്രിമാരെ സെക്രട്ടറിമാർ ധരിപ്പിക്കണം. പദ്ധതികളുടെ മോണിറ്ററിംഗിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്‌ഥരെ ഒരു കാരണവശാലും തൽസ്‌ഥാനത്തു തുടരാൻ അനുവദിക്കേണ്ടതില്ലെന്നും ഇടതുമുന്നണി യോഗം സർക്കാരിനു നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.