സിപിഐക്കു മറുപടിയുമായി സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സിപിഐക്കു മറുപടിയുമായി സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Tuesday, August 30, 2016 1:30 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: സിപിഎം വിമതർക്കു സിപിഐ അഭയം നൽകിയതിനെച്ചൊല്ലി ഒരു മാസത്തിലേറെയായി എറണാകുളത്ത് നിലനിൽക്കുന്ന സിപിഎം–സിപിഐ പോര് കൂടുതൽ രൂക്ഷമാകുന്നു. തനിക്കെതിരേ സിപിഐ മുഖപത്രത്തിൽ വന്ന ലേഖനത്തെ നിശിതമായി വിമർശിച്ചുകൊണ്ട് എം. സ്വരാജ് എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

ഞാൻ പറഞ്ഞതെന്ത്, സിപിഐ കേട്ടതെന്ത് എന്ന തലക്കെട്ടിൽ സ്വരാജ് ഫേസ്ബുക്കിൽ എഴുതിയ മറുപടിയിൽ, തനിക്കെതിരേ വന്ന വിമർശനങ്ങളെ ലേഖനമെന്നു വിശേഷിപ്പിക്കപ്പെടുന്ന അക്ഷരവൈകൃതം എന്നാണു വിശേഷിപ്പിച്ചത്. കഴുത, ജാരസന്തതി, കപ്പലണ്ടി കമ്യൂണിസ്റ്റ് തുടങ്ങിയ പരാമർശങ്ങൾ പാർട്ടി പത്രത്തിന്റെ സാംസ്കാരിക നിലവാരമാണ് കാണിക്കുന്നതെന്നു സ്വരാജ് പറയുന്നു.

പീറക്കൊടി എന്നു പറഞ്ഞതു സിപിഐയുടെ കൊടിയെക്കുറിച്ചല്ല, കോൺഗ്രസ് കൊടിയെപ്പറ്റിയാണ്. ഉദയംപേരൂരിലെ കോൺഗ്രസിന്റെ അക്രമത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കോൺഗ്രസ് കൊടിയെപ്പറ്റി പറഞ്ഞാൽ സിപിഐക്ക് നോവുന്നതെങ്ങനെയെന്നും സ്വരാജ് ചോദിക്കുന്നു.


പലപ്പോഴും തനിക്ക് സംഘപരിവാറിൽനിന്നു കേൾക്കേണ്ടിവന്നിട്ടുള്ള പുലഭ്യങ്ങൾ സിപിഐ മുഖപത്രത്തിലൂടെ ഒരിക്കൽകൂടി കേട്ടു. നെറികേട് അലങ്കാരമായി കാണുന്നവർ വേറെയുണ്ടെന്ന് ഇപ്പോൾ വ്യക്‌തമായി. തെറിയഭിഷേകമില്ലാതെ രാഷ്ട്രീയ സംവാദം നടത്താനാണ് തന്റെ പാർട്ടി പഠിപ്പിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ഇനിയെന്തു പൂരപ്പാട്ട് നടത്തിയാലും മറുപടി പറയാൻ താത്പര്യമില്ല. ഏതവസരത്തിലും രാഷ്ട്രീയ സംവാദത്തിന് ആരോടും ഞാനൊരുക്കമാണ്. സംവാദത്തിനു വരുമ്പോൾ പക്ഷേ ദയവായി പട്ടിയെ വീട്ടിൽ തന്നെ പൂട്ടിയിടണം. മറ്റു ജീവികളെയൊക്കെ കാട്ടിലോ മൃഗശാലയിലോ വിട്ടേക്കണമെന്നും സ്വരാജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.