പൗരന്മാരെ ശാക്‌തീകരിക്കുന്നതിൽ കേരളം ഏറെ മുന്നിൽ: ഉപരാഷ്ട്രപതി
പൗരന്മാരെ ശാക്‌തീകരിക്കുന്നതിൽ കേരളം ഏറെ മുന്നിൽ: ഉപരാഷ്ട്രപതി
Tuesday, August 30, 2016 1:36 PM IST
തിരുവനന്തപുരം: ജനതയെ ശാക്‌തീകരിക്കുന്നതിനും മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ കേരളം ഏറെ മുന്നിലാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി. സമ്പൂർണ ഇ–സാക്ഷരതാ പദ്ധതിയുടെ രണ്ടാം ഘട്ടമായ ഡിജിറ്റൽ ലൈബ്രറികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നൂറു ശതമാനം ഇ –സാക്ഷരത കൈവരിക്കാനുള്ള പരിശ്രമങ്ങൾ ഇതിന്റെ പ്രതിഫലനമാണ്. സാങ്കേതിക വിദ്യ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം (ഡിജിറ്റൽ ഡിവൈഡ്) മറികടക്കാനും വിവര സാങ്കേതികവിദ്യ സാമ്പത്തിക, സാമൂഹിക വികസനത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നതിലും പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളും കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. അതിനാൽത്തന്നെ ഇ– സാക്ഷരത നിർണായകമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഇന്റർനെറ്റ് പരമ്പരാഗത രീതിയിലും മൊബൈലിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അടിസ്‌ഥാനസൗകര്യങ്ങളിലെ അപര്യാപ്തതകൾ മറികടന്ന് ഇന്റർനെറ്റ്, വിവരസാങ്കേതികവിദ്യ എന്നിവയിൽ കുതിച്ചുചാട്ടം നടത്താൻ മൊബൈൽ ഫോണുകളുടെ ഉപയോഗം സഹായിച്ചിട്ടുണ്ട്.

ഇ–ഗവൺമെന്റ്, ഇ–ലേണിംഗ്, ഇ–ഹെൽത്ത് എന്നീ രൂപങ്ങളിലൂടെ ഇ–നൈപുണ്യങ്ങളുടെ വിനിയോഗം ഗവൺമെന്റ് നിർബന്ധമാക്കിയിട്ടുണ്ട്. നിത്യജീവിതത്തിലും ജോലിയിലും വ്യക്‌തിപരമായ സാഹചര്യങ്ങളിലും വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ഒഴിവാക്കാൻ പറ്റാതായതോടെ ഇ–സാക്ഷരത ഇല്ലാത്തത് അടിസ്‌ഥാന സാക്ഷരത ഇല്ലാത്തതിനേക്കാൾ ഏറെ ക്ഷീണംചെയ്യും.


ഇ–സാക്ഷരതാ നൈപുണ്യവും ഇന്റർനെറ്റ് ലഭ്യമാകുന്ന അവസ്‌ഥയും അനന്തമായ വിജ്‌ഞാനവും വിവരങ്ങളുമാണ് പൗരനു നൽകുന്നത്. പൗരനെ ശാക്‌തീകരിക്കാനും വിജയകരമായ ജനാധിപത്യം സൃഷ്‌ടിക്കാനും ഇത് അതാവശ്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

പി.എൻ. പണിക്കരുടെ ഓർമക്കായി പി.എൻ. പണിക്കർ വിജ്‌ഞാൻ വികാസ് കേന്ദ്ര സ്‌ഥാപിച്ച സംസ്‌ഥാന സർക്കാരിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. 33 മാസത്തിനുള്ളിൽ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇ–സാക്ഷരതാ സംസ്‌ഥാനമായി മാറ്റാൻ ഈ സ്‌ഥാപനം നടത്തുന്ന പരിശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്‌ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ ഡിജിറ്റൽ ലൈബ്രറികൾ ഏറെ ഗുണകരമായിരിക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗവർണർ ജസ്റ്റീസ് പി. സദാശിവം പറഞ്ഞു.

വിജ്‌ഞാന സാങ്കേതികത സമസ്ത മേഖലയെയും ഊർജസ്വലമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ വിജ്‌ഞാന വിപ്ലവത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പുത്തൻ അറിവുകൾ പകർന്നു നല്കുന്നതിൽ മലയാളികൾ ഒട്ടും പിന്നിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, പന്ന്യൻ രവീന്ദ്രൻ, എം.വിജയകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.