അഭിഭാഷകരുമായി സംഘർഷം: യുവ ഡോക്ടർക്കും പിതാവിനും സഹോദരനും ജാമ്യം
Wednesday, August 31, 2016 11:23 AM IST
കൊച്ചി: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരുമായുണ്ടായ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ യുവഡോക്ടർക്കും പിതാവിനും സഹോദരനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പെരിങ്ങമല കള്ളിയൂർ ഗോകുലത്തിൽ ഡോ.വിഷ്ണു വിജയ്, പിതാവ് ടി. വിജയകുമാർ, സഹോദരൻ വിപിൻ വിജയ് എന്നിവർക്കാണു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചത്.

40,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്‌ഥ ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു മാസത്തേക്കു ചൊവ്വാഴ്ചകളിൽ രാവിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ മുമ്പാകെ ഹാജരാകണമെന്നും രണ്ടു മാസത്തേക്കു വഞ്ചിയൂർ സ്റ്റേഷൻ പരിധിവിട്ടു പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഓഗസ്റ്റ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡോ. വിഷ്ണു വിജയിയുടെ വിവാഹത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ വഞ്ചിയൂർ കോടതിയിലെ മീഡിയേഷൻ സെന്ററിൽ പിതാവ് വിജയകുമാറിനൊപ്പമാണു വിഷ്ണുവും വിപിനുമെത്തിയത്.


ഇവിടെ എതിർകക്ഷികളുമായുണ്ടായ തർക്കത്തിൽ അഭിഭാഷകർ ഇടപെട്ടതോടെ സംഘർഷമായി. തുടർന്ന് അഭിഭാഷകസംഘടനാ ഭാരവാഹി നൽകിയ പരാതിയിൽ പോലീസ് വധശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തു വിഷ്ണു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. ഇന്നലെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പ്രതികൾക്കെതിരേ വധശ്രമമെന്ന കുറ്റം ചുമത്താൻ തക്ക വസ്തുതകളില്ലെന്നും എങ്ങനെയാണു വധശ്രമക്കുറ്റം ചുമത്തിയതെന്നു വ്യക്‌തമല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കേസിന്റെ അന്വേഷണം പൂർത്തിയായ സാഹചര്യംകൂടി കണക്കിലെടുത്താണു സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.