അഭിപ്രായ വ്യത്യാസം ഉള്ളതുകൊണ്ടാണ് സിപിഎമ്മും സിപിഐയും രണ്ടായത്: പി. രാജീവ്
അഭിപ്രായ വ്യത്യാസം ഉള്ളതുകൊണ്ടാണ് സിപിഎമ്മും സിപിഐയും രണ്ടായത്: പി. രാജീവ്
Wednesday, August 31, 2016 11:23 AM IST
കൊച്ചി: അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണു സിപിഎമ്മും സിപിഐയും രണ്ടു പാർട്ടിയായി നിൽക്കുന്നതെന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്. ഒരു മാസത്തോളമായി ജില്ലയിൽ ഇരു പാർട്ടികളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുപാർട്ടികൾക്കും സാധിക്കും. വസ്തുതകൾക്കു നിരക്കാത്ത പ്രതികരണം വന്നപ്പോഴാണു സ്വരാജ് പ്രതികരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം വിമതർക്കു സിപിഐ രാഷ്ട്രീയ അഭയം നൽകിയതുമായി ബന്ധപ്പെട്ടു ജില്ലയിൽ ഇരു പാർട്ടികൾക്കും ഇടയിൽ രൂപപ്പെട്ട പ്രശ്നങ്ങൾ പിന്നീടു നേതാക്കൾ തമ്മിലുള്ള വാക്ക്പോരായി മാറുകയായിരുന്നു.


സിപിഐ പതാകയെപ്പറ്റി എം. സ്വരാജ് എംഎൽഎ നടത്തിയ പരാമർശം ഭിന്നതകൾ രൂക്ഷമാക്കി. തുടർന്നു സ്വരാജിനെ വിമർശിച്ചു സിപിഐ മുഖപത്രമായ ജനയുഗം ലേഖനമെഴുതി. ജനയുഗം ലേഖനത്തിനു മറുപടിയായി സ്വരാജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി. സ്വരാജ് അഹങ്കാരത്തിന്റെ ആൾരൂപമാണെന്ന വിമർശനവുമായി സിപിഐ വീണ്ടും രംഗത്ത് എത്തുകയും ചെയ്തു.

പ്രശ്നത്തെ ലഘൂകരിക്കാൻ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നെങ്കിലും ഭിന്നത പരിഹരിക്കാനായിട്ടില്ല എന്നാണ് പി. രാജീവിന്റെ വാക്കുകൾ നൽകുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.