വ്യാജ സിഡി വേട്ട: ആറുപേർ അറസ്റ്റിൽ
Wednesday, August 31, 2016 11:23 AM IST
തിരുവനന്തപുരം: ആന്റി പൈറസി സെൽ സംസ്‌ഥാന തലത്തിൽ വ്യാജ സിഡി/ഡിവിഡി കണ്ടെത്തുന്നതിനു നടത്തിയ പരിശോധനയിൽ ആറുപേർ അറസ്റ്റിൽ. ഇവരിൽനിന്നു പുതിയ മലയാള സിനിമകളുടെ സിഡി/ഡിവിഡികളും അശ്ലീല ചിത്രങ്ങളുടെ വൻ ശേഖരവും പിടികൂടി. ഇവരിൽനിന്നു സിനിമയും അശ്ലീല ചിത്രങ്ങളും മറ്റും കോപ്പി ചെയ്യാൻ ഉപയോഗിച്ച കംപ്യൂട്ടറുകൾ, എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ എന്നിവ പിടിച്ചെടുത്തു.

കൊല്ലം ആയൂർ ബസ്സ്റ്റാൻഡിനു സമീപം ഹെവൻലി മൊബൈൽസ് നടത്തുന്ന സജോ കെ. ജോൺ, അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ സൈനാ മൊബൈൽസ് നടത്തുന്ന അമ്നാദ്, പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ജെഎംഎസ് മൊബൈൽസ് നടത്തുന്ന ജിയാസ്, തൃശൂർ വെസ്റ്റ് ഫോർട്ടിൽ ഗിവ് ആൻഡ് ടേക്ക് മൊബൈൽസ് നടത്തുന്ന മൊയ്തീൻ, സ്കൈ മൊബൈൽസ് നടത്തുന്ന സജിത്ത്, ഇരിങ്ങാലക്കുട ടാണ റോഡിനു സമീപം നിയോ മൊബൈൽസ് നടത്തുന്ന നിതിൻ, തിരുവനന്തപുരം കാഞ്ഞിരംകുളം ഹയർ സെക്കൻഡറി സ്കൂളിനു മുൻവശം ഡ്രീംസ് മൊബൈൽസ് നടത്തുന്ന ഷിജിൻ എന്നിവരിൽനിന്നു വൻതോതിൽ മലയാള സിനിമകളുടെ വ്യാജ പകർപ്പുകളും ക്ലിപ്പിംഗുകളും പിടിച്ചെടുത്തു.


ആന്റി പൈറസി സെൽ പോലീസ് സൂപ്രണ്ട് പി.ബി. രാജീവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആന്റി പൈറസി സെൽ ഡിവൈഎസ്പി എം. ഇക്ബാൽ, ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രബാബു, എസ്ഐ രതീഷ്, വിഷ്ണു പ്രസാദ്, സിപിഒമാരായ സുബീഷ്, എസ്. ഷാൻ, ബെന്നി, അജയൻ എന്നിവർ നടത്തിയ റെയ്ഡിൽ ഏഴിൽ പരം കംപ്യൂട്ടറുകളും എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകളും പുതിയ മലയാള സിനിമകളുടെ 25,000ത്തിൽ പരം വ്യാജ സിഡി/ഡിവിഡികളും പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.