പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി കോൺഗ്രസ് നേതാവ് മരിച്ചു
പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി കോൺഗ്രസ് നേതാവ് മരിച്ചു
Wednesday, August 31, 2016 11:38 AM IST
കാഞ്ഞങ്ങാട്: വീടിനു സമീപത്തെ വയലിൽ കന്നുകാലികളെ മേയ്ക്കാൻ പോയ കർഷകൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റു മരിച്ചു. ഷോക്കേറ്റു രണ്ടു കന്നുകാലികളും ചത്തു. കോൺഗ്രസ് പ്രാദേശിക നേതാവും ക്ഷീരകർഷകനുമായ പാക്കം ചരൽക്കടവിലെ പടിഞ്ഞാറ്റയിൽ സി.നാരായണൻ നായരാണു(55) മരിച്ചത്.

ഇന്നലെ രാവിലെ ഏഴോടെ വീടിനു സമീപത്തെ വയലിലേക്കു മൂന്നു കറവപ്പശുക്കളുമായി പോയപ്പോഴായിരുന്നു അപകടം. കമുകിൻതോട്ടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി കമുകു വീണു പൊട്ടിയ നിലയിലായിരുന്നു. ചെളിയും കാടും നിറഞ്ഞ ഈ ഭാഗത്ത് കമ്പി പൊട്ടിവീണതു ശ്രദ്ധയിൽപ്പെടാതെ പശുക്കളെ കൊണ്ടുപോകുമ്പോൾ ഷോക്കേൽക്കുകയായിരുന്നു.നാരായണൻനായരും രണ്ടു പശുക്കളും ഷോക്കേറ്റു വീണു. ഒരു പശു രക്ഷപ്പെട്ടോടി. പാതിവഴിയിൽവരെ നാരായണൻനായർക്കൊപ്പം ഭാര്യയുമുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ നിലവിളി കേട്ടു ഭാര്യ ഓടിയെത്തുമ്പോഴേയ്ക്കും വൈദ്യുത കമ്പിയിൽ ചുറ്റിക്കിടന്ന നിലയിലായിരുന്നു നാരായണൻനായർ. അപകടം മനസിലാക്കിയ ഭാര്യ സമീപത്തുണ്ടായിരുന്ന തടിക്കഷണംകൊണ്ട് ലൈൻ നീക്കി ആളുകളെ വിളിച്ചുകൂട്ടി.


നാട്ടുകാരുടെ നേതൃത്വത്തിൽ നാരായണൻനായരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു.

ഒടയംചാൽ കോടോത്ത് അയറോട്ടെ ഇ.കുഞ്ഞമ്പുനായരുടെയും കല്യാണി അമ്മയുടെയും മകനാണ്. വർഷങ്ങളായി പാക്കത്താണു താമസം. കുറച്ചുകാലം പെരിയയിൽ ചുമട്ടുജോലി നോക്കിയിരുന്നു. ഐഎൻടിയുസി പള്ളിക്കര മണ്ഡലം പ്രസിഡന്റ്, ജനശ്രീ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.ഭാര്യ: സുലോചന (ഓമന) ബേക്കൽ പള്ളിക്കര പഞ്ചായത്ത് വനിതാ സഹകരണ സംഘം കളക്ഷൻ ഏജന്റാണ്. മക്കൾ: നയന, അയന (ബ്രണ്ണൻ കോളജ് തലശേരി), ഹരിപ്രസാദ്. സഹോദരങ്ങൾ: സി.കുഞ്ഞിരാമൻനായർ, ഗോപാലൻനായർ, കൃഷ്ണൻനായർ, സാവിത്രി, രുഗ്മിണി, ലീല, സരോജിനി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.