റബർ: ഉത്പാദന വർധനവുണ്ടാകണമെങ്കിൽ ന്യായവില ലഭിക്കണമെന്ന് ഇൻഫാം
Wednesday, August 31, 2016 11:57 AM IST
കോട്ടയം: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ സമീപനം പരമ്പരാഗതമായിട്ടുള്ള റബർകൃഷി ഉപേക്ഷിച്ച് ബദൽ ജീവിതമാർഗം തേടാൻ റബർ കർഷകരെ നിർബന്ധിതരാക്കുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.അഡ്വ.വി.സി.സെബാസ്റ്റ്യൻ.

റബറിന്റെ ഉത്പാദനം കുറഞ്ഞാൽ ഇറക്കുമതി കൂടുമെന്നു പ്രസ്താവിക്കുന്ന റബർ ബോർഡും, സർക്കാരും നഷ്ടം സഹിച്ചു കർഷകൻ എങ്ങനെ ഉത്പാദനം വർധിപ്പിക്കുമെന്നു വ്യക്‌തമാക്കണം. ഉത്പാദന വർധനവിനായി റബർ ബോർഡ് നൽകുന്ന നിർദേശങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാക്കുവാൻ കർഷകർക്കു പ്രയാസമുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ മാറ്റിനിർത്തി യഥാർഥ കർഷകരുമായിട്ട് റബർമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും പുത്തൻ പദ്ധതികളെക്കുറിച്ചും ചർച്ച നടത്താൻ ബോർഡ് തയാറാകണം.


ഉത്പാദനച്ചെലവ് കുറയ്ക്കണമെങ്കിൽ ടാപ്പിംഗ് തൊഴിലാളികളുടെ കൂലി കുറയ്ക്കേണ്ടി വരും. ആസിഡ്, റബർ ഷെയ്ഡ്, വളം എന്നിവ സൗജന്യമാക്കണം. ഇവയ്ക്കുള്ള തുക വകയിരുത്തി കർഷകരെ സഹായിക്കാൻ റബർ ബോർഡ് മുൻകൈയെടുക്കണമെന്നും വി.സി. സെബാസ്റ്റ്യൻ നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.