മലയോര ഹൈവേ: തടസമുണ്ടാകില്ലെന്നു മുഖ്യമന്ത്രി; സമരപരിപാടി നിർത്തി
മലയോര ഹൈവേ: തടസമുണ്ടാകില്ലെന്നു മുഖ്യമന്ത്രി; സമരപരിപാടി നിർത്തി
Wednesday, August 31, 2016 11:57 AM IST
കണ്ണൂർ: മലയോര ഹൈവേ നിർമാണം തടസങ്ങളില്ലാതെ മുന്നോട്ട്കൊണ്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷൻ കമ്മിറ്റി നേതാക്കൾക്ക് ഉറപ്പുനൽകി. ഇന്നലെ രാവിലെയാണു കെ.സി.ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ ചേംബറിൽ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്‌ഥാനത്തിൽ ഒമ്പതിനു നടത്താൻ നിശ്ചയിച്ചിരുന്ന മനുഷ്യച്ചങ്ങല ഉൾപ്പെടെയുള്ള എല്ലാ സമരപരിപാടികളും നിർത്തിവച്ചതായി കെ.സി.ജോസഫ് എംഎൽഎ അറിയിച്ചു.

സണ്ണി ജോസഫ് എംഎൽഎ, മലയോര ഹൈവേ ആക്ഷൻ കമ്മിറ്റി രക്ഷാധികാരി മോൺ. മാത്യു എം. ചാലിൽ, കൺവീനർമാരായ തോമസ് വെക്കത്താനം, സി.കെ.മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി എന്നിവരാണു മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മലയോര ഹൈവേ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ധനകാര്യവകുപ്പുമായി ആലോചിച്ച് ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. പ്രവൃത്തികൾ നിർത്തിവച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് മലയോര മേഖലയിലുണ്ടാക്കിയ ആശങ്ക ആക്ഷൻ കമ്മിറ്റി നേതാക്കൾ മുഖ്യമന്ത്രിയുമായി പങ്കുവച്ചു.

ചെറുപുഴ– വള്ളിത്തോട് 59.4 കിലോമീറ്റർ പാതയിൽ അഞ്ചിടത്തായി യുദ്ധകാലാടിസ്‌ഥാനത്തിൽ ജോലികൾ നടന്നുവരികയായിരുന്നു.


നിരവധി കൾവർട്ടുകളുടെ നിർമാണം, റോഡ് പുനരുദ്ധാരണം എന്നിവ കാരണം ഗതാഗതം സ്തംഭനാവസ്‌ഥയിലാണെന്നും എത്രയും വേഗം പണി പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണു ജനങ്ങൾ ഇതെല്ലാം സഹിച്ചതെന്നും ആക്ഷൻ കമ്മിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി. യാതൊരു നഷ്‌ടപരിഹാരവും വാങ്ങാതെ 12 മീറ്റർ വീതിയിൽ സ്‌ഥലം വിട്ടുനൽകാൻ നാട്ടുകാർ തയാറായതിനു പിന്നിലെ പ്രതീക്ഷകളും നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നു നേതാക്കൾ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് ഇന്നു നടത്താനിരുന്ന ആലോചനായോഗവും മാറ്റിവച്ചിട്ടുണ്ട്.

ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള മലയോര ഹൈവേയുടെ നിർമാണം നിർത്തിവച്ച് ഈ മാസം മൂന്നിനാണ് പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

സ്വപ്നപദ്ധതി നിർത്തിവയ്ക്കുന്നതിനെതിരേ മലയോരജനത ഒറ്റക്കെട്ടായി രംഗത്തുവരികയായിരുന്നു. സർവകക്ഷി ആഹ്വാനപ്രകാരം 29ന് ഇരിക്കൂർ നിയോജക മണ്ഡലത്തിലും ചെറുപുഴ പഞ്ചായത്തിലും പായം പഞ്ചായത്തിലെ വിളമന വില്ലേജിലും ഹർത്താൽ ആചരിച്ചിരുന്നു. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരവും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.