കിഫ്ബിയിൽ ഡോ.ഡി. ബാബു പോൾ അടക്കം അഞ്ചു വിദഗ്ധ അംഗങ്ങൾ
കിഫ്ബിയിൽ ഡോ.ഡി. ബാബു പോൾ അടക്കം അഞ്ചു വിദഗ്ധ അംഗങ്ങൾ
Wednesday, August 31, 2016 12:12 PM IST
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിലെ(കിഫ്ബി) സ്വതന്ത്ര അംഗങ്ങളായി അഞ്ചു വിദഗ്ധരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബു പോൾ, സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആൻഡ് പ്ലാനിംഗിലെ പ്രഫ.സി.പി. ചന്ദ്രശേഖരൻ, കോൽക്കത്ത ഐഐഎം ഇക്കണോമിക്സ് ആൻഡ് ഫിനാൻസ് വിഭാഗം പ്രഫസർ സുശീൽ ഖന്ന, റിസർവ് ബാങ്ക് തിരുവനന്തപുരം മുൻ റീജിയണൽ ഡയറക്ടർ സലിം ഗംഗാധരൻ, സെബി മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും സ്റ്റോക് ഹോൾഡേഴ്സ് എംപവർമെൻറ് സർവീസസ് മാനേജിംഗ് ഡയറകറുമായ ജെ.എൻ. ഗുപ്ത എന്നിവരാണ് അംഗങ്ങൾ. രാഷ്ട്രീയക്കാരെ ആരേയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അംഗങ്ങളെ നിയമിച്ചതോടെ കിഫ്ബി പ്രവർത്തന സജ്‌ജമായി.

ബജറ്റിനു പുറത്തു വിവിധ വികസന പദ്ധതികൾക്കു പണം സമാഹരിക്കാനും നടപ്പാക്കാനും ലക്ഷ്യമിട്ടാണു കിഫ്ബിയെ ശക്‌തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ബജറ്റിലെ നിർദേശങ്ങളുടെ ചുവടു പിടിച്ച് ഇതിനായി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചരുന്നു. മുഖ്യമന്ത്രി അധ്യക്ഷനായ ഗവേണിംഗ് ബോഡിയും ധനമന്ത്രി ചെയർമാൻ ആയ എക്സിക്യൂട്ടീവ് സമിതിയും ആണ് കിഫ്ബിക്ക് നേതൃത്വം നൽകുക. ഈ സമിതിയിൽ ചില മന്ത്രിമാരും അംഗങ്ങളാണ്. ഇവർക്കു പുറമെയാണു പ്രഫഷണലുകളോ ഉയർന്ന ഉദ്യോഗസ്‌ഥരോ ആയ അഞ്ചു സ്വതന്ത്ര അംഗങ്ങളെ നിയോഗിച്ചത്. ഗവേണിംഗ് ബോഡി വർഷത്തിൽ രണ്ടു തവണയും എക്സിക്യൂട്ടീവ് കമ്മിറ്റി രണ്ടാഴ്ച തോറും യോഗം ചേരും.


സർവീസിലുണ്ടായിരുന്ന കാലത്ത് ഏറെ നാൾ ധനകാര്യ സെക്രട്ടറി പദവി വഹിച്ചിരുന്ന ആളാണ് ഡോ. ബാബു പോൾ. ഭരണതലത്തിൽ ഏറെ മികവുള്ള ബാബുപോൾ അനവധി പുസ്തകങ്ങളുടെ രചയിതാവാണ്.

ജെഎൻയുവിൽനിന്ന് ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയ സി.പി. ചന്ദ്രശേഖരൻ 1997 ഒക്ടോബർ മുതൽ അവിടെ സെൻറർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസിൽ പ്രഫസറാണ്. തിരുവനന്തപുരത്തു സിഡിഎസിൽ റിസർച്ച് അസോസിയേറ്റായിരുന്നു.

കോൽക്കത്ത ഐഐഎമ്മിലെ സുശീൽ ഖന്ന കേന്ദ്ര പൊതുമേഖലാ പുനഃസംഘടനാ ബോർഡ് അംഗമാണ്. സംസ്‌ഥാന ആസൂത്രണ ബോർഡ് ഉപദേശകൻ, കേരള ഫിനാൻസ് കോർപറേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭെൽ, ഇന്ത്യൻ ഓയിൽ, ഒഎൻജിസി, എൻടിപിസി, ടാറ്റാ ടീ തുടങ്ങി അനവധി സ്‌ഥാപനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1981ൽ റിസർവ് ബാങ്കിൽ ചേർന്ന സലിം ഗംഗാധരൻ കൊല്ലം സ്വദേശിയാണ്. ധനകാര്യ വിപണി, വിദേശ വിനിമയം, തുടങ്ങിയ മേഖലകളിലെ വിദഗ്ധൻ. ഒമാൻ സെൻട്രൽ ബാങ്കിൽ അഞ്ച് വർഷം പ്രവർത്തിച്ചിട്ടുണ്ട്.

സെബിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറായ ജെ.എൻ. ഗുപ്ത എസ്ബിഐ, ഗ്രാസിം ഇൻഡസ്ട്രീസ്, ഇൻഡോ– ഗൾഫ് ഫെർട്ടിലൈസേഴ്സ് എന്നിവയിൽ പ്രവർത്തിച്ചു. 1994– 96ൽ അദ്ദേഹം കാപ്പിറ്റൽ മാർക്കറ്റ് റഗുലേറ്റർ എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.