കറുകുറ്റി അപകടം: സെക്ഷൻ എൻജിനിയറുടെ സസ്പെൻഷൻ റദ്ദാക്കി
Wednesday, August 31, 2016 12:12 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ തിരുവനന്തപുരം– മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയതിനെ തുടർന്ന് സെക്ഷൻ എൻജിനിയർ രാജു ഫ്രാൻസിസിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധ സമിതി ഇന്നലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഏരിയാ മാനേജറുടെ ഓഫീസിൽ നടത്തിയ സിറ്റിംഗിൽ രാജു ഫ്രാൻസിസ് നൽകിയ മൊഴിയുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്‌ഥാനത്തിലായിരുന്നു നടപടി.

ഇവ പരിശോധിച്ചപ്പോൾ രാജു ഫ്രാൻസിസിന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടില്ലെന്നു തെളിഞ്ഞതിനെത്തുടർന്നാണു സസ്പെൻഷൻ പിൻവലിച്ചത്. രാജു ഫ്രാൻസിസിനെ സസ്പെൻഡ് ചെയ്തതു റെയിൽവേ എൻജിനിയർമാരിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

റെയിൽ ട്രാക്കിലുണ്ടായ കേടുപാടുകളെക്കുറിച്ചു മുൻകൂട്ടി റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഉന്നത ഉദ്യോഗസ്‌ഥർ നടപടിയെടുക്കാൻ തയാറാകാത്തതാണ് അപകട കാരണമെന്നാണു റെയിൽവേ എൻജിനിയേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചത്. അതേസമയം, അപകടത്തെക്കുറിച്ചു റെയിൽവേ ബോർഡ് ചെയർമാൻ എ.കെ. മിത്തൽ വിശദീകരണം തേടിയിട്ടുണ്ട്.

റെയിൽവേ ജനറൽ മാനേജരോടു കറുകുറ്റി സന്ദർശിക്കാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ചീഫ് സേഫ്റ്റി ഓഫീസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കൊച്ചിയിലെ സിറ്റിംഗ് ഇന്നലത്തോടെ അവസാനിപ്പിച്ചു. ബാക്കിയുള്ളവരെ തെളിവെടുപ്പിനായി ചെന്നൈയിലേക്കു വിളിപ്പിക്കും. രണ്ടു ദിവസങ്ങളിലായി നടന്ന സിറ്റിംഗിൽ 35 പേരിൽനിന്നു മൊഴിയെടുത്തു.

തിരുവനന്തപുരം ഡിവിഷനു കീഴിൽ ഷൊർണൂർ വരെ 202 ഇടങ്ങളിൽ ട്രാക്കുകളിൽ കേടുപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് എൻജിനിയർമാർ ട്രെയിനുകൾക്കു വേഗനിയന്ത്രണം ഏർപ്പെടുത്തിയത് ഇന്നലെയും യാത്രക്കാരെ വലച്ചു. കേടുപാടുള്ള സ്‌ഥലങ്ങളിലൂടെ 30 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കണമെന്നാണ് എൻജിനിയർമാർ നിർദേശം നൽകിയിരുന്നത്. ഇതുമൂലം ട്രെയിനുകൾ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈകുമെന്നാണു റെയിൽവേ അറിയിച്ചിരുന്നതെങ്കിലും മൂന്നു മണിക്കൂർ വരെ വൈകി. പാസഞ്ചർ ട്രെയിനുകൾ ഒന്നര മണിക്കൂർ വരെയും ദീർഘദൂര എക്സ്പ്രസുകൾ മൂന്നു മണിക്കൂർ വരെയുമാണു വൈകിയോടിയത്. എറണാകുളം മുതൽ ഷൊർണൂർ വരെയുള്ള പാതയിൽ 96 സ്‌ഥലങ്ങളിലാണു നിയന്ത്രണം ഏർപ്പെടുത്തിയത്.


അപകടമുണ്ടായ കറുകുറ്റിയിൽ പാളം പരിശോധനയ്ക്കായി നിയോഗിച്ചതു ജൂണിയറായ ജീവനക്കാരനെയെന്ന് അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചു. പാളത്തിൽ വിള്ളൽ കണ്ടെത്തി താൽക്കാലികമായി ക്ലാമ്പ് ചെയ്ത് മുറുക്കിയ ഭാഗം തുടർച്ചയായി നിരീക്ഷിക്കണമെന്നാണ് വ്യവസ്‌ഥ. ഇതിന്റെ ചുമതല സീനിയറായ കീമാനാണ് നൽകേണ്ടത്. എന്നാൽ, കറുകുറ്റിയിൽ മൂന്നു വർഷം മാത്രം സർവീസുള്ള ജീവനക്കാരനെയാണ് ഇതിനു നിയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചത്. ആവശ്യമായ ജീവനക്കാരില്ലാത്തതാണ് ഇതിനു കാരണം.

പാതയിൽ നിരവധി വിള്ളലുകളുള്ള വിവരം സീനിയർ സെക്ഷൻ എൻജിനിയർ രാജു ഫ്രാൻസിസ് അപകടത്തിനു മുമ്പുതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടനുസരിച്ചു നടപടിയെടുക്കാൻ ബാധ്യത ചീഫ് ട്രാക്ക് എൻജിനിയർക്കായിരുന്നു. പുതിയ പാളങ്ങളും ആവശ്യമായ ഫണ്ടും അനുവദിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഈ ഉദ്യോഗസ്‌ഥനാണ്. ഈ വീഴ്ച അന്വേഷണ സമിതിക്കു മുന്നിൽ രാജു ഫ്രാൻസിസ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.