എൻജിനിയറിംഗ് കോളജുകൾക്കു റാങ്കിംഗ് വരുന്നു
Friday, September 23, 2016 12:45 PM IST
<ആ>തോമസ് വർഗീസ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ എൻജിനിയറിംഗ് കോളജുകൾക്ക് പഠനനിലവാരം അനുസരിച്ച് റാങ്കിംഗ് വരുന്നു. ഈ അക്കാദമിക് വർഷത്തിന്റെ അവസാനത്തോടെ റാങ്കിംഗ് നിർണയിക്കാനുള്ള സാധ്യയുണ്ട്. കേരള ടെക്നിക്കൽ സർവകലാശാലയുടെ കീഴിലുള്ള കോളജുകളാണു പഠന നിലവാരത്തിന്റെ അടിസ്‌ഥാനത്തിൽ റാങ്ക് പട്ടികയിൽ വരിക.

ഇപ്പോൾ സംസ്‌ഥാനത്തെ ഓരോ കോളജും എത്രാമത്തെ റാങ്കിലാണെന്ന് അറിയാൻ വ്യക്തമായ മാനദണ്ഡങ്ങൾ ഒന്നുമില്ല. ഇതുകൂടി കണക്കിലെടുത്താണ് എൻജിനിയറിംഗ് കോളജുകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തുക. ഇതിനു മുന്നോടിയായി കഴിഞ്ഞവർഷം മുതൽ സംസ്‌ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ അക്കാദമിക് ഓഡിറ്റിംഗ് സംവിധാനം ആരംഭിച്ചിരുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വർഷം നടത്തിയ അക്കാദമിക് ഓഡിറ്റിംഗിൽ സംസ്‌ഥാനത്ത് വിജയശതമാനത്തിൽ ഏറ്റവും പിന്നിൽ നിന്ന അഞ്ചു കോളജുകൾക്ക് നോട്ടീസ് കൊടുത്തിരുന്നു. രണ്ടാം ഘട്ട ഓഡിറ്റിംഗിൽ മികവ് തെളിയുന്നില്ലെങ്കിൽ ഈ കോളജുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന താക്കീതും നല്കിയിരുന്നു.

എന്നാൽ, രണ്ടാംഘട്ട ഓഡിറ്റിംഗിലും ഈ കോളജുകൾ മികവ് പുലർത്തുന്നില്ലെന്നു കണ്ടെത്തി. ഇതോടെ ഈ അധ്യയന വർഷം ഈ അഞ്ചു കോളജുകൾക്ക് അഫിലിയേഷൻ നല്കേണ്ടെന്നും സാങ്കേതിക സർവകലാശാല തീരുമാനിച്ചു. 20 ശതമാനത്തിൽ താഴെ വിജയശതമാനം ഉള്ള കോളജുകളിലാണ് പുതുതായി വിദ്യാർഥികൾക്ക് പ്രവേശനം നല്കേണ്ടെന്നു തീരുമാനിച്ചതും.


തുടർച്ചയായ വർഷങ്ങളിൽ അക്കാദമിക് ഓഡിറ്റിംഗ് നടത്തുന്നതിലൂടെ സംസ്‌ഥാനത്തെ മുഴുവൻ എൻജിനിയറിംഗ് കോളജുകളുടേയും നിലവാരം വിലയിരുത്തി ഓരോ വർഷവും റാങ്കിംഗ് നല്കുകയാണ് ടെക്നിക്കൽ സർവകലാശാല ലക്ഷ്യമിടുന്നത്. ഈ അക്കാദമിക് വർഷത്തെ ആദ്യഘട്ട ഓഡിറ്റിംഗ് വരുന്ന 26 ന് ആരംഭിക്കും. ഓഡിറ്റിംഗ് പൂർത്തിയാക്കി ഒക്ടോബർ 14 നുള്ളിൽ റിപ്പോർട്ട് സർവകലാശാലയ്ക്ക് സമർപ്പിക്കണം. അക്കാദമിക് ഓഡിറ്റിംഗ് രണ്ടു രീതിയിലാണ് നടത്തുന്നത്.

ഇന്റേണൽ അക്കാദമിക് ഓഡിറ്റിംഗ് കോളജ് അധികൃതർ തന്നെ നടത്തണം. ഇതിനായി പ്രത്യേക ഫോർമാറ്റ് സർവകലാശാല നല്കും. ഈ ഇന്റേണൽ ഓഡിറ്റിംഗ് റിപ്പോർട്ട് ഉൾപ്പെടെയുള്ളവ വച്ചാണ് ടെക്നിക്കൽ സർവകലാശാല നിശ്ചയിക്കുന്ന റിട്ടയേർഡ് പ്രഫസർമാർ ഓരോ എൻജിനിയറിംഗ് കോളജും പരിശോധിച്ചാവും കോളജുകളുടെ അക്കാദമിക് നിലവാരം വിലയിരുത്തുക. ഇത്തരത്തിൽ ഈ വർഷം കൂടി അക്കാദമിക് ഓഡിറ്റിംഗ് നടത്തി സംസ്‌ഥാനത്തെ എല്ലാ എൻജിനിയറിംഗ് കോളജുകൾക്കും റാങ്ക് നല്കുകയാണു ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.