ബിജെപി ശ്രമിക്കുന്നതു ചാതുർവർണ്യം പുനഃസ്‌ഥാപിക്കാൻ: കോടിയേരി
ബിജെപി ശ്രമിക്കുന്നതു ചാതുർവർണ്യം പുനഃസ്‌ഥാപിക്കാൻ: കോടിയേരി
Friday, September 23, 2016 12:52 PM IST
കണ്ണൂർ: ചാതുർവർണ്യ വ്യവസ്‌ഥ തിരിച്ചുകൊണ്ടുവരാനാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദളിതരേയും പിന്നോക്ക വിഭാഗക്കാരേയും മുസ്ലിം സമുദായാംഗങ്ങളേയും അകറ്റിനിർത്താനാണ് ബിജെപി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ആസൂത്രിത ശ്രമം നടത്തുന്നത്.

ഇതിന്റെ അവസാനഘട്ട ആസൂത്രണമാണ് കോഴിക്കോട് നടക്കുന്ന ദേശീയ കൺവൻഷനെന്നും കോടിയേരി ആരോപിച്ചു. അഴീക്കോടൻ രാഘവൻ രക്‌തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. കണ്ണൂരിനെയാണ് ഇതിന്റെ പരീക്ഷണഭൂമിയാക്കി നിശ്ചയിച്ചിരിക്കുന്നത്. കണ്ണൂരിൽ പട്ടാളത്തെ ഇറക്കിയാൽ സമാധാനം ഉണ്ടാകുമെന്നാണ് ചിലർ പറയുന്നത്. എന്നാൽ പട്ടാളം കാവൽ നിൽക്കുന്ന ജമ്മുകാഷ്മീരിൽ ഇപ്പോൾ സമാധാനമുണ്ടോയെന്നും കോടിയേരി ചോദിച്ചു.


സമാധാനമുണ്ടാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നു കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. ഇതിനായി ഒരു മധ്യസ്‌ഥനെ ഏർപ്പെടുത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ കേന്ദ്രമന്ത്രി അനന്ത്കുമാർ ഇതിന് തയാറായെങ്കിലും പിന്നീട് പിൻവലിഞ്ഞു.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തന്നെ കണ്ണൂരിൽ സമാധാനത്തിന് മുൻകൈയെടുക്കാമെന്നു കണ്ണൂരിൽ വന്ന് പ്രസംഗിച്ചുപോയെങ്കിലും പിന്നീട് ഒരു വിവരവുമില്ല. ഒരു വശത്ത് സമാധാനത്തെക്കുറിച്ച് പറയുകയും അതേസമയംതന്നെ അക്രമത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നതിലൂടെ ബിജെപിയുടെ ദ്വിമുഖമാണ് ഇപ്പോൾ വ്യക്‌തമായിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പയ്യന്നൂരിലെ യൂത്ത് കോൺഗ്രസുകാർക്ക് കോൺഗ്രസുകാരിൽനിന്നാണ് സംരക്ഷണമൊരുക്കേണ്ടത്. കോൺഗ്രസിന്റെ അനീതിക്കെതിരേ പ്രതികരിക്കുന്ന യൂത്ത് കോൺഗ്രസുകാരെ മർദിച്ചൊതുക്കുകയാണെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.