വ്യാജ ഇ–മെയിൽ: ആകാശവാണിയിലെ മുൻ ഉന്നത ഉദ്യോഗസ്‌ഥനെതിരേ അന്വേഷണത്തിന് ഉത്തരവ്
Friday, September 23, 2016 12:52 PM IST
തിരുവനന്തപുരം: വ്യാജ–മെയിൽ വിലാസം ഉണ്ടാക്കി സ്വന്തം ഓഫീസിലെ കംപ്യൂട്ടറിൽ നിന്നു കീഴ്ജീവനക്കാരനെ അപകീർത്തിപ്പെടുത്താൻ കള്ള സന്ദേശമയച്ചെന്ന കേസിൽ ആകാശവാണി ദക്ഷിണമേഖല അഡീഷണൽ ഡയറക്ടർ ജനറലായിരുന്ന ജി. ജയലാലിനെതിരേ അന്വേഷണം നടത്തി നടപടിയെടുക്കാൻ കോടതി നിർദേശം. പോലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടത്.

2012 ഓഗസ്റ്റ് രണ്ടിനാണു കേസിനാസ്പദമായ സംഭവം നടന്നത്. ജി.ജയലാൽ ബംഗളുരുവിലെ തന്റെ ഓഫീസ് കംപ്യൂട്ടറിൽ നിന്നു വ്യാജ ഇ– മെയിൽ വിലാസം ഉണ്ടാക്കി തിരുവനന്തപുരം ആകാശവാണിയിൽ അന്ന് പ്രോഗ്രാം എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന പറക്കോട് ഉണ്ണികൃഷ്ണനെതിരേ അപകീർത്തികരമായ സന്ദേശമയച്ചുവെന്നാണ് കേസ്.എന്നാൽ അന്നത്തെ ഡയറക്ടർ കെ.എ. മുരളീധരൻ പരാതി അന്വേഷിക്കുകയും ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇ–മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഉണ്ണികൃഷ്ണൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയും കമ്മീഷണർ പരാതി സൈബർ സെല്ലിന് കൈമാറുകയും ചെയ്തു.

ഇ–മെയിൽ സർവീസ് പ്രൊവൈഡർമാരായ യാഹുവിൽ നിന്നും ജിമെയിലിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് ഇ–മെയിലുകൾ ബംഗളുരുവിലെ ആകാശവാണി അഡീഷണൽ ഡയറക്ടർ ജനറലിന്റെ ഓഫീസിലെ കംപ്യൂട്ടറിൽ നിന്നാണ് അയച്ചതെന്ന് സൈബർ സെൽ കണ്ടെത്തി. ജയലാലിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും കേസിലെ നിർണായക തെളിവായ കംപ്യൂട്ടർ മോഡം പിടിച്ചെടുക്കുകയോ പ്രധാന രേഖകൾ ശേഖരിക്കുകയോ ചെയ്തില്ല. ഇതേ തുടർന്ന് ഉണ്ണികൃഷ്ണൻ ഡിജിപിക്ക് പരാതി നൽകിയതിന്റെ അടിസ്‌ഥാനത്തിൽ കേസ് അന്വേഷണം കന്റോൺമെന്റ് എസിക്കു കൈമാറി. എന്നാൽ കുറ്റപത്രത്തിന്റെ കരട് തയാറാക്കുന്നതിനിടെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി നിയമത്തിലെ 66 എ വകുപ്പും കേരള പോലീസ് ആക്ടിലെ 118 ഡിയും സുപ്രീം കോടതി റദ്ദാക്കി. അതിന്റെ അടിസ്‌ഥാനത്തിൽ കേസ് അവസാനിപ്പിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ടും നൽകി.


എന്നാൽ, സൈബർ കുറ്റകൃത്യത്തിനു പുറമേ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നതായി ഉണ്ണികൃഷ്ണൻ സിജെഎം കോടതിയിൽ പരാതി നൽകി. അതിന്റെ അടിസ്‌ഥാനത്തിലാണ് കോടതി ഇപ്പോൾ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.