ഹയർ സെക്കൻഡറി അധ്യാപകർ സമരത്തിലേക്ക്
Friday, September 23, 2016 1:01 PM IST
തിരുവനന്തപുരം: തസ്തികനിർണയമോ ശമ്പളമോ ഇല്ലാതെ ജോലി ചെയ്തുവരുന്ന 3500 ഓളം വരുന്ന പുതിയ ഹയർ സെക്കൻഡറി അധ്യാപകർ സമരത്തിലേക്ക്. ഹയർ സെക്കൻഡറി സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ പുതിയ സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ച 2014–ലെ സർക്കാർ ഉത്തരവു പ്രകാരം നിയമിതരായ അധ്യാപകരാണ് സമരത്തിനൊരുങ്ങുന്നത്.

2014 ജൂലൈ 31ലെ ഹൈക്കോടതി ഉത്തരവ് ഭേദഗതി ചെയ്ത് 2014 നവംബർ 24നാണ് അധ്യാപകരെ നിയമിച്ച് സർക്കാർ ഉത്തരവായത്. ഈ സ്കൂളുകളിലും അധിക ബാച്ചുകളിലും രണ്ടു വർഷമായി ജോലിചെയ്തു വരുന്ന അധ്യാപകർക്കു തസ്തികനിർണയം നടത്താത്തതാണു ശമ്പളം ലഭിക്കാനുള്ള തടസം. ഏപ്രിൽ 30നകം തസ്തിക നിർണയത്തിനുള്ള പോരായ്മകൾ പരിഹരിച്ച് റിപ്പോർട്ട് നൽകണമെന്നു സർക്കാർ ഉത്തരവിട്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായില്ല. ഇതേത്തുടർന്നാണു സമരത്തിനു തയാറെടുക്കുന്നതെന്നു കേരള നോൺ അപ്രൂവ്ഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.